തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കുട്ടിയുടെ അമ്മാവന് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരന് ഹരികുമാര്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. മറ്റാരെയെങ്കിലും രക്ഷിക്കാന്‍ ഇയാള്‍ കുറ്റം ഏറ്റെടുത്തതാണോ എന്ന സംശയം ശക്തമാണ്. കുടുംബത്തിന്റെ മൊഴികളില്‍ വൈരുധ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ശരീരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് ആദ്യം മുതല്‍ അന്വേഷണം നടക്കുന്നത്.
ബാലരാമപുരം കോട്ടുകാല്‍കോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബാലരാമപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.