പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ വീഴ്‌ച സംഭവിച്ചതായി റിപ്പോർട്ട് വന്നതിന് പിന്നാലെ എസ്‌എച്ച്ഒയെ സസ്‌പെൻഡ്
ചെയ്‌തു. ഉത്തരമേഖല ഐജിയുടെ ഉത്തരവ് പ്രകാരമാണ് സസ്‌പെൻഷൻ. ജാമ്യ വ്യവസ്ഥ ചെന്താമര ലംഘിച്ചിട്ടും വിവരം കോടതിയെ അറിയിക്കാൻ നെന്മാറ എസ്‌എച്ച്‌ഒ മഹേന്ദ്ര സിംഹൻ വീഴ്‌ചവരുത്തിയതിനാലാണ് നടപടി.ഒരുമാസം ചെന്താമര നെന്മാറയിൽ താമസിച്ചിരുന്നെന്ന് പാലക്കാട് എസ്‌പി അജിത്‌കുമാർ എഡിജിപി മനോജ് എബ്രഹാമിന് കൈമാറിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അതേസമയം നിർണായക വിവരം ലഭിച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ചെന്താമര ഇപ്പോഴും കാണാമറയത്താണ്. കക്കാടംപൊയിലിൽ ഇന്നലെ വൈകുന്നേരം ഇയാളുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴും ഇയാൾ പോത്തുണ്ടിയിലുണ്ടെന്നാണ് സംശയം. ഇയാളെ കണ്ട നാട്ടുകാർ പ്രദേശത്ത് അന്വേഷണം തുടങ്ങി.

മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാള്‍ ചെന്താമരയെ കണ്ടത്. പോലീസും ഇത് സ്ഥിരീകരിച്ചു. പോലീസുകാരും നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ട്. ഇവിടെ കാട് പിടിച്ച പ്രദേശമാണ്. ഇതുവഴി ഇരുട്ടില്‍ പ്രതി ഓടിമറഞ്ഞതായാണ് വിവരം. കൂടുതല്‍ നാട്ടുകാര്‍ ഇവിടേക്ക് എത്തിയിട്ടുണ്ട്. മാട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ ഇരിക്കുകയായിരുന്ന യുവാക്കളില്‍ ഒരാണ് ഇയാളെ കണ്ടത്. പിന്നാലെ വിവരം കൂടുതല്‍ പേരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.