വടകര: വയലേലകളിലെ ചേറില്‍ പുതഞ്ഞ മനുഷ്യരെ സമര പോരാളികളാക്കിയ കര്‍ഷക തൊഴിലാളി നേതാവും സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ടി കെ കുഞ്ഞിരാമന്റെ ഓര്‍മകളില്‍ ജ്വലിച്ച് നാട്. ടി കെ കുഞ്ഞിരാമന്റ ഓര്‍മ പുതുക്കി സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ ടി കെ കുഞ്ഞിരാമന്‍ സ്മൃതി സദസ് സംഘടിപ്പിച്ചു. നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ നടന്ന സ്മൃതി സദസില്‍ കര്‍ഷക തൊഴിലാളികളും യൂനിയന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ‘കേരളീയ നവോഥാനം-വര്‍ത്തമാനകാല വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറും
സ്മൃതി സദസും കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ വിഷയാവതരണം നടത്തി. യൂനിയന്‍ ജില്ലാ പ്രസിഡന്റ് ആര്‍ പി ഭാസ്‌കരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്‌കരന്‍, ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍, സി ബാലന്‍, സി എച്ച് മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എം എം ധര്‍മരാജന്‍ സ്വാഗതവും പി പി ബാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സാരംഗി മ്യൂസിക് ഗ്രൂപ്പും ഇശല്‍ അറേബ്യ വടകരയും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും ഉണ്ടായി.