വടകര: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമായ മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ഉടന്‍ ലഭ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാജനതാദള്‍ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാല് ജില്ലകളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഏക ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ആദിവാസികളും കോളനികളില്‍ താമസിക്കുന്നവര്‍ക്കും സ്വകാര്യ ആശുപത്രികളിലെ കൊള്ള നിരക്ക് താങ്ങാന്‍ കഴിയില്ല. നിലവില്‍ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് 90 കോടി രുപയോളം കുടിശ്ശികയായ സാഹചര്യത്തിലാണ് മരുന്ന് വിതരണം നിര്‍ത്തിവെച്ചത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
മണ്ഡലം പ്രസിഡന്റ് വിമല കളത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി വടകര മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍, രാഷ്ട്രീയ മഹിളാ ജനതാദള്‍ ജില്ലാ ഭാരവാഹികളായ ബേബി ബാലമ്പ്രത്ത്, കെ.കെ.വനജ, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം റീന രയരോത്ത്, ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയില്‍, ഉഷ ചാര്‍ത്തംകണ്ടി, പ്രസന്ന, ബബിത എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എം.സതി സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.