വടകര: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന കർണാടക സംഗീതോത്സവം എന്ന പരിപാടിയുടെ ഭാഗമായി ജനുവരി
11 ന് വടകരയിൽ പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി അവതരിപ്പിക്കും.കെ.രാഘവൻമാസ്റ്റർ ഫൗണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാർക്കിലാണ് സംഗീത വിരുന്നെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർണാടക സംഗീതത്തിന്റെ പ്രചാരണത്തിനും ജനകീയതക്കും വേണ്ടി അക്കാദമിയുടെ നേതൃത്വത്തിൽ പ്രശസ്ത സംഗീതജ്ഞർ ആറ് കേന്ദ്രങ്ങളിൽ സംഗീതക്കച്ചേരികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വടകരയിൽ വേദിയൊരുങ്ങുന്നത്. ഡിസമ്പർ 15ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ.എസ്.അയ്യരാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. കൊടുങ്ങല്ലൂർ, വടകര, കോട്ടയം,
കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ് മറ്റു കച്ചേരികൾ. വടകരയിലെ സംഗീത പ്രേമികൾക്കും സംഗീത പഠിതാക്കൾക്കും ആഹ്ലാദമുളവാക്കുന്നതാണ് ഈ ഉദ്യമം.


കേന്ദ്രകലാസമിതി ജില്ലാ കൺവെൻഷൻ
സംഗീത നാടക അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാകേന്ദ്ര കലാസമിതിയുടെ കോഴിക്കോട് ജില്ലാ കൺവെൻഷനും 11 ന് വടകരയിൽ നടക്കും. മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിന് സമീപം ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ ഉച്ചക്കു ശേഷം 2 ന് അക്കാദമി സെക്രട്ടറി കരിവളളൂർമുരളി ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ജില്ലാ കേന്ദ്രകലാ സമിതി അധ്യക്ഷൻ വി.ടി.മുരളി, സംഗീതോത്സവം സംഘാടക സമിതി ചെയർമാൻ പി.ഹരീന്ദ്രനഥ്, ജില്ലാ കേന്ദ്രകലാ സമിതി നിർവാഹക സമിതി അംഗം സജീവൻ ചോറോട്, സ്വാഗത സംഘം, ട്രഷറർ കെ.പി. സത്യനാഥൻ എന്നിവർ പങ്കെടുത്തു.