നാദാപുരം: ബ്രദേഴ്‌സ് ചാലപ്പുറം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി സംഘടിപ്പിച്ച താരലേലം ശ്രദ്ധപിടിച്ചുപറ്റി. എട്ട് ടീമുകളലായി നൂറിലധികം കളിക്കാരാണ് ലേലത്തില്‍ പങ്കെടുത്തത്. ചെറിയൊരു പ്രദേശത്ത് ഇത്രയേറെ ഫുട്‌ബോള്‍ താരങ്ങളുണ്ടെന്നത് സംഘാടകരെ പോലും അതിശയിപ്പിച്ചു.
എഫ്‌സി ബ്രദേഴ്‌സ്, ടിപി സ്‌ട്രൈക്കേഴ്‌സ്, വയലോരം എഫ്‌സി, എഫ്‌സി പുലിമേട, എഫ്‌സി കുളശ്ശേരി, വിവ വെള്ളൂര്‍, കടത്തനാട് എഫ്‌സി, ബ്രദേഴ്‌സ് തൈക്കണ്ടി എന്നീ ഫ്രാഞ്ചൈസികളാണ് കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കിയത്. ഈ ടീമുകളെല്ലാം തൂണേരിയിലുള്ളവയാണ്. ലേലത്തില്‍ പങ്കെടുത്തവര്‍ തൂണേരിയിലെയും തൊട്ടടുത്ത നാദാപുരത്തേയും കളിക്കാര്‍. വിവിധ ഗ്രൗണ്ടുകളിലും ടര്‍ഫിലുമായി പരിശീലിക്കുന്നവരാണ് ഇവര്‍. പലരും കോളജ് തലത്തിലും കേരളോത്സവത്തിലും കളിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭാവിയിലേക്കുള്ള നല്ല അവസരമാണ് സംഘാടരുടെ തീരുമാനം കൊണ്ട് ലഭിക്കാന്‍ പോകുന്നത്. താരങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് അണ്ടര്‍ 17, ഓപ്പണ്‍ എന്നീ രണ്ട് വിഭാഗമുണ്ട്.
ജനുവരി 11,12,13, തിയ്യതികളില്‍ ചാലപ്പുറം ഒതയോത്ത് ഫ്‌ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗിന്റെ ഭാഗമായാണ് താരലേലം സംഘടിപ്പിച്ചത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്‍ ലേലം ഉദ്ഘാടനം ചെയ്തു. 11,12 തിയ്യതികളില്‍ ലീഗ് മത്സരങ്ങളും 13 ന് ടൂര്‍ണമെന്റും അരങ്ങേറും.
ലേലം ഉദ്ഘാടന ചടങ്ങില്‍ ദിനേശന്‍ ചാത്തോത്ത്, ഫസല്‍ മാട്ടാന്‍, പ്രേമന്‍ ഗുരുക്കള്‍, ടി പി ജസീര്‍, നിസാര്‍ പടിക്കൊട്ടില്‍, ജാഫര്‍ കുന്നോത്ത്, സി പി ശിബാര്‍, യു കെ മുഹമ്മദ്, അഷിര്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.