തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ആവേശകരമായ രണ്ടാം ദിവസത്തിൽ. സ്വർണക്കപ്പിനായി
ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. 57 മത്സരങ്ങൾ പൂർത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നിൽക്കുന്നത്.

സമയക്രമം പാലിക്കാനാവാത്തത് ഇക്കുറിയും പ്രതിസന്ധിയായി. ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദികളിലുള്ളത്. ഒഴിവു ദിനമായതിനാൽ വേദികളിൽ കാണികൾ നിറയുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയർ സെക്കന്‍ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്കൂൾ വിഭാഗം നങ്യാർകൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങൾ.
വേദി മൂന്നായ ടാഗോർ തിയേറ്ററിൽ ഹയർ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകർഷണം. വേദി രണ്ടിൽ ഉച്ചയ്ക്ക് ശേഷം ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും.