വടകര: കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ടു കുറ്റ്യാടി എംഎല്‍എയും മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നിരവധി വര്‍ഷത്തെ നടപടി ക്രമങ്ങള്‍ക്ക് ശേഷം 2021ല്‍ ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവ് പ്രകാരം 12 മീറ്ററില്‍ റോഡ് വികസിപ്പിക്കണമെന്ന് മാത്രമാണ് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. ആക്ഷന്‍ കമ്മിറ്റി 15 മീറ്റര്‍ വീതി വേണമെന്നും 18 മീറ്റര്‍ വേണമെന്നും പറഞ്ഞ് അനാവശ്യമായി വാശിപിടിക്കുന്നതുകൊണ്ടാണ് റോഡ് വികസനം നടക്കാത്തത് എന്നും ഇവര്‍ പ്രചരിപ്പിക്കുന്നത് കള്ളമാണ്. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി വീതി കൂട്ടണമെന്നോ കുറക്കണമെന്നോ അല്ല പറഞ്ഞത്. 12
മീറ്ററില്‍ ഗവണ്‍മെന്റ് ഉത്തരവ് നിലനില്‍ക്കുമ്പോള്‍ നിയമവിരുദ്ധമായി അത് 10 മീറ്റര്‍ ആയി കുറയ്ക്കുന്നു എന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയ കാര്യത്തില്‍ കഴമ്പുണ്ട് എന്നതുകൊണ്ടാണ് ഹൈക്കോടതി 10 മീറ്ററിലുള്ള കല്ലിടലും സര്‍വ്വേ നടപടികളും വിലക്കിയത്.
റോഡ് വികസനവുമായി ബന്ധപ്പെട്ടു 12 മീറ്ററിലുള്ള ഗവണ്‍മെന്റ് ഉത്തരവ് മാത്രമാണ് നിലവിലുള്ളത്. 10 മീറ്ററില്‍ റോഡ് വികസിപ്പിക്കാനുള്ള ഉത്തരവ് മാത്രമാണ് താന്‍ കണ്ടിട്ടുള്ളൂ എന്നാണ് എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റും പറയുന്നത്. എന്നാല്‍ 10 മീറ്റര്‍ വീതിയില്‍ റോഡ് വികസനം നടപ്പിലാക്കാന്‍ യാതൊരുവിധ ഉത്തരവും ഗവണ്‍മെന്റ് ഇന്നുവരെ ഇറക്കിയിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ എംഎല്‍എയും പ്രസിഡന്റും തയ്യാറാവണം. ഇല്ലാത്ത സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലാണ് ഇവര്‍ 12 മീറ്ററിലെ അതിര്‍ത്തി കല്ലുകള്‍ പിഴുതു 10 മീറ്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് മണിയൂരിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
10 മീറ്ററില്‍ ഒരു ഗവണ്‍മെന്റ് ഉത്തരവില്ല. അത് കിഫ്ബിയും കെആര്‍എഫ്ബിയും നല്‍കിയ ഉപദേശം മാത്രമാണ് എന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ഈ കാര്യം വിധിന്യായത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയാണ് ചില നിക്ഷിപ്ത താല്പര്യക്കാര്‍.
സര്‍വ്വേ നടത്തുന്നതിന് ലാന്‍ഡ് അക്യുസിഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പണിക്കോട്ടിയിലെത്തിയപ്പോള്‍ ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സര്‍വ്വേ നടപടി തടയുകയുണ്ടായി. പോലീസ് സംരക്ഷണത്തോടെ സര്‍വ്വേ നടത്താനാണ് നീക്കം നടക്കുന്നത്. ഇത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായി ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.ഷിജു, ബിജിത്ത്‌ലാല്‍ തെക്കേടത്ത്, ശ്രീധരന്‍ തുളസി, ബാബു മുതുവീട്ടില്‍, പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.