കായംകുളം: യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ.
പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. യു.പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുട്ടികളാകുമ്പോൾ കൂട്ടുകൂടും. പുകവലിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലല്ലോ. പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കായംകുളത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വേദിയിൽ പ്രതിഭ എംഎൽഎയുമുണ്ടായിരുന്നു. ‘കുട്ടികൾ കൂട്ടുകൂടത്തില്ലേ. ഇത്തിരി വർത്തമാനം പറഞ്ഞു. ആരാണ്ട് വന്ന് പിടിച്ചു. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്‌തെന്ന് ഒരു കേസുമില്ല. ആഎഫ്ഐആർ ഞാൻ വായിച്ചതാണ്. പുകവലിച്ചു എന്നാണുള്ളത്. ഞാൻ വല്ലപ്പോഴും
പുകവലിക്കുന്നയാളാണ്. പുകവലിച്ചെന്ന് എഫ്ഐആറിലെഴുതി, ആയിക്കോട്ടെ. അതിന് ജാമ്യമില്ലാ വകുപ്പെന്തിനാണിടുന്നത്. കൊച്ചുകുട്ടികളല്ലേ.’- മന്ത്രി പറഞ്ഞു. കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെതിരായ എഫ്ഐആർ നേരത്തെ പുറത്തുവന്നിരുന്നു. . കേസിലെ ഒൻപതാം പ്രതിയാണ് എംഎൽഎയുടെ മകൻ കനിവ്. സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.

