
പത്തൊമ്പത് വയസിനു താഴെയുള്ളവരുടെ മത്സരങ്ങളാണ് വടകരയില്‍ നടക്കുക. നാലു കളിക്കാര്‍ വീതമുള്ള ടീമുകള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടു കളിക്കാര്‍ വീതമുള്ള ടീമുകള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും മാറ്റുരക്കും.
നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഏത് പൊസിഷനിലും കളിക്കാവുമെന്ന രീതിയിലായിരിക്കും മത്സരം. വിവിധ അക്കാദമികളില്‍ നിന്നുള്ള എട്ട് ടീമുകള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും നാല് ടീമുകള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഏറ്റുമുട്ടും. ഇതില്‍ നിന്ന് മികച്ച കളിക്കാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓസ്‌ട്രേലിയയിലും ഗള്‍ഫ് നാടുകളിലും പരിശീലനം ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ഇന്ത്യന്‍ വോളിബോളിലെ സുവര്‍ണതാരങ്ങളുടെ കൂട്ടായ്മയായ വോളിലവ് 20X20 വടകരയിലെ ശ്രദ്ധേയമായ വീ-വണ്‍ ഗ്രൂപ്പിന്റെയും ഐപിഎം അക്കാദമിയുടെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. തുടക്കം വടകരയിലാണെങ്കിലും എറണാകുളത്തും കൊല്ലത്തും ജൂണില്‍ സമാനമായ മത്സരം നടക്കുമെന്നും വോളിലവ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വോളിലവ് കൂട്ടായ്മയുടെ അഡ്മിന്‍ കെ.സന്തോഷ് കുമാര്‍, എം.ഹരീന്ദ്രന്‍, ടി.പി.രാധാകൃഷ്ണന്‍, ടി.പി.മുസ്തഫ, പി.എം.മണിബാബു എന്നിവര്‍ പങ്കെടുത്തു.