വടകര: വിശപ്പിന്റെ വിളിയില്‍ വേറിട്ട പദ്ധതിയൊരുക്കി മണിയൂര്‍ ഗ്രാമപഞ്ചായത്ത്. അശരണര്‍ക്ക് ആശ്വാസം പകരുകയാണ് ഭരണസമിതിയും ജീവനക്കാരും.
വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുന്നവര്‍ ഇനി വിശന്നുവലയേണ്ടിവരില്ല. എല്ലാവര്‍ക്കും ലഘു ഭക്ഷണം ലഭിക്കും. ആവശ്യക്കാര്‍ക്ക് ഉച്ചഭക്ഷണവും നല്‍കുന്ന ഊട്ടുപുര പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ നിര്‍വഹിച്ചു
ഈ പ്രദേശത്തെ അശരണര്‍ക്കും ആലംബഹീനര്‍ക്കും പഞ്ചായത്ത് ഓഫീസിലെത്തിയാല്‍ ഭക്ഷണം കഴിച്ചു മടങ്ങാം. ഇത്തരക്കാരുടെ ഏകദേശ കണക്ക് പഞ്ചായത്തിന്റെ കൈവശമുണ്ടെന്നും ഇതിന് അനുസരിച്ച് ഭക്ഷണം ഒരുക്കുകയാണെന്നും പ്രസിഡന്റ് ടി.കെ.അഷ്‌റഫ് പറഞ്ഞു. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ ഓഫീസിലെത്തുന്നവര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കും. ഇതിനായി അടുക്കളയും തീന്‍മുറിയും സജ്ജീകരിച്ചിട്ടുണ്ട്. ഒരു പാചകതൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്.
ഇതിനു വേണ്ട ചെലവ് പൂര്‍ണമായും ഭരണസമിതിയും ജീവനക്കാരുമാണ് വഹിക്കുന്നത്. മണിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഹോട്ടലുകളും മറ്റും കുറവായതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ ചില സമയങ്ങളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടു നേരിടുന്നത് ജനപ്രതിനിധികളും ജീവനക്കാരും കാണാറുണ്ട്. ഇതിന് ആവശ്യമായ തുക കണ്ടെത്തി പരിഹാരം കാണാന്‍ തീരുമാനിക്കുകയായിരുന്നു.
മണിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ചിലപ്പോള്‍ സമയം വൈകും. ചില സമയങ്ങളില്‍ ഭക്ഷണം കഴിക്കാതെ ക്ഷീണിച്ചിരിക്കുന്നവരെയും കാണാം. ഇതിനൊരു പരിഹാരം എന്ന രീതിയില്‍ ഭരണസമിതി മുന്‍കൈയെടുത്താണ് ഇത്തരം തീരുമാനം നടപ്പിലാക്കുന്നതെന്ന് ടി.കെ.അഷ്‌റഫ് പറഞ്ഞു.
ഇത്തരമൊരു സംരംഭത്തിനിറങ്ങിയ പഞ്ചായത്ത് ഭരണസമിതിയെയും ജീവനക്കാരെയും കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അഭിനന്ദിച്ചു. ഈ വേറിട്ട പദ്ധതി മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃകയാണെന്നും എംഎല്‍എ പറഞ്ഞു.