
കോഴിക്കോട്: മതിയായി പാകം ചെയ്ത കോഴി, താറാവ്, കാട എന്നിവയുടെ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല വിഭാഗം അറിയിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്
അറിയിപ്പ്.
ഇറച്ചിയില്‍ വൈറസ് സാന്നിധ്യം ഉണ്ടെങ്കില്‍ 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ മൂന്ന് മുതല്‍ അഞ്ച് മിനിറ്റിനകം പക്ഷിപ്പനിവൈറസുകള്‍ നശിക്കും. പച്ചമുട്ട കുടിക്കുന്നതും ബുള്‍സൈ പോലുള്ള പാതിവെന്ത വിഭവങ്ങളും പകുതി വെന്ത ഇറച്ചിയും മുട്ടയും പൂര്‍ണമായും ഒഴിവാക്കണം. ചില ഘട്ടങ്ങളില്‍ രൂപഭേദം സംഭവിച്ചു മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഉണ്ടെന്നതിനാല്‍ ചത്തകോഴികളെ/പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും കോഴികളെ കശാപ്പു ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. കയ്യുറകളും
മുഖാവരണങ്ങളും വ്യക്തിശുചിത്വ മാര്‍ഗങ്ങളും രോഗവ്യാപനം തടയും. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പക്ഷികളെ പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍, പക്ഷികളെ കശാപ്പുചെയ്യുന്നവര്‍, പാചകക്കാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളണം. പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495-2762050.
















