ചൊക്ലി: പൗരപ്രമുഖനും വാഗ്മിയും അണിയാരത്തെ പ്രഥമ ബിരുദധാരിയും ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ അധ്യാപകനുമായ കാരയില്‍ കുമാരന് (90) അന്തരിച്ചു. അവിഭക്ത മദ്രാസ് സംസ്ഥാനത്തില്‍ മട്ടന്നൂരില്‍ സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ ആയിരുന്നിട്ടുണ്ട്. ചെന്നൈ എഗ്മൂറിലെ സര്‍ക്കാര്‍ ആശുപത്രിയിലും മുംബൈ ശാന്ത ക്രൂസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മൈസൂരിലെ റീജണല്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍, ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളില്‍നിന്ന് ഇംഗ്ലീഷ് അധ്യാപനത്തില്‍ വിദഗ്ധ പരിശീലനം നേടി. നിരവധി തവണ ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കായുള്ള റിസോഴ്സ് അധ്യാപകനായിരുന്നിട്ടുണ്ട്. വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. അണിയാരം ഗുരുദേവ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖന്. അനവധി തവണ അണിയാരം ശിവക്ഷേത്ര ഭരണസമിതി അംഗമായിട്ടുണ്ട്.
ഭാര്യ: ശാരദ. മകള്‍: കെ ഷീല (റിട്ട.അധ്യാപിക കടവത്തൂര്‍ വിഎച്ച്എസ്എസ്). മരുമകന്: പരേതനായ വി കെ സുരേഷ് (റിട്ട.മാനേജര്‍ സിന്‍ഡിക്കേറ്റ് ബാങ്ക്). സഹോദരി: പരേതയായ കൗസല്യ (റിട്ട.പ്രധാനാധ്യാപിക എലാങ്കോട്).