പയ്യോളി: വേനലില്‍ വലയുന്ന പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമായി ‘പരിസ്ഥിതി പയ്യോളി’യുടെ നേതൃത്വത്തില്‍ കുടിവെള്ളം ഒരുക്കുന്ന ‘കിളികള്‍ക്ക് കുടിനീര്‍’ പദ്ധതിക്ക്
തുടക്കമായി. മൂരാട് താഴെ കളരി യുപി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍.സാഹിറ പദ്ധതി ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധം ഉറപ്പിക്കുന്നതാണ് ഈ പദ്ധതി എന്ന് അവര്‍ പറഞ്ഞു. പരിസ്ഥിതി പയ്യോളിയുടെ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി.സിന്ധു മുഖ്യാതിഥിയായി. ഒരു ക്ലാസിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു വൃക്ഷത്തൈ നട്ട് സംരക്ഷിക്കുന്ന ‘ഒരു ക്ലാസ് ഒരു മരം’ പദ്ധതിയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി.എം.ഹൈറുന്നിസ ആദ്യ വൃക്ഷത്തൈ നട്ടു. മറ്റ് ക്ലാസുകള്‍ക്കുള്ള വൃക്ഷത്തൈകള്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍
പി.കുഞ്ഞാമു വിതരണം ചെയ്തു. പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയന്‍ പെരിങ്ങാട് പദ്ധതി വിശദീകരിച്ചു. ഹംസ കാട്ടുകണ്ടി മാജിക് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് വി.കെ.സലിം, ഹെഡ്മാസ്റ്റര്‍ ഡി.സജിത്ത്, മുസിദ്ദിക്, രാജന്‍ കൊളാവിപ്പാലം, എന്‍.കെ.ശശി, സ്‌കൂള്‍ ലീഡര്‍ ഭരത് ബോബന്‍, കെ.ടി.കണ്ണന്‍, സബീഷ് കുന്നങ്കോത്ത്, സതീശന്‍ മൂരാട്, കെ.പി.വഹാബ്, ഇരിങ്ങല്‍ അനില്‍കുമാര്‍, പ്രദീപ് കണിയാറിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വരും ദിവസങ്ങളില്‍ മറ്റ് സ്‌കൂളുകളിലും പൊതു ഇടങ്ങളിലും വീടുകള്‍ക്ക് സമീപവും കിളികള്‍ക്ക് കുടിനീര്‍ ഒരുക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.















