
വടകര: നാരായണ നഗറില്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഉയരപ്പാതയില്‍ നാട്ടിയ ഗര്‍ഡറില്‍ രാത്രി കാലത്തും വെല്‍ഡിംഗ് പണി തകൃതി. കോണ്‍ക്രീറ്റ് ചെയ്യാനുള്ള ഷീറ്റ് നിരത്തി രാത്രിയിലുള്ള ഈ ജോലിത്തിരക്ക് കണ്ടാല്‍ ഈ മാസം തന്നെ പാത തുറന്ന് കൊടുക്കുമെന്ന് തോന്നിപ്പോകും. എന്നാല്‍ ഈ മാസം പോയിട്ട് ഈ വര്‍ഷാവസാനമെങ്കിലും
ഈ മേഖലയിലെ പണി എവിടെയെങ്കിലും എത്തുമോ എന്നാണ് ചോദ്യം. ഈ രൂപത്തിലാണ് ഇപ്പോഴും റോഡ് പണി നീങ്ങുന്നത്.
അഴിയൂര്‍-വെങ്ങളം റീച്ചില്‍ വടകര ഭാഗത്തെ ദേശീയപാതാ വികസന ജോലിക്ക് ഒച്ചിന്റെ വേഗതയെന്നാണ് മറ്റ് പലയിടങ്ങളിലും പോയി റോഡിലൂടെ കുതിച്ച് വടകര ഭാഗത്ത് എത്തുന്നവര്‍ പരാതിപ്പെടുന്നത്. എത്ര കാലം മുമ്പാണ് വടകരയില്‍ ദേശീയപാത വികസന പ്രവൃത്തി ആരംഭിച്ചതെന്നു പോലും ഇവിടത്തുകാര്‍ മറന്നു. എന്ന് തീരും എന്ന ചോദ്യം മാത്രം ബാക്കി.
ഗതാഗത സ്തംഭനം നിത്യസംഭവമായി മാറിയിരിക്കേ, പണി എന്നെങ്കിലും തീരുമല്ലോ എന്ന
ഭാവത്തിലാണ് ആളുകള്‍. അധികാരികളെ ശപിച്ച് കാലം കഴിക്കുകയാണ് ഇന്നാട്ടുകാര്‍. ഇപ്പോള്‍ പലരും വടകര ഭാഗത്തേക്ക് വരാതെ നോക്കുന്ന അവസ്ഥയായി.
പെരുവാട്ടുംതാഴെ നിന്ന് കരിമ്പനപാലം വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ ചിലയിടത്ത് ഉയരപ്പാതയും ഇടക്കിടെ മണ്ണിട്ടുയര്‍ത്തിയ റോഡുമാണ് തയ്യാറാവുന്നത്. ഇതു സംബന്ധിച്ച പ്രവൃത്തി പല ദിവസങ്ങളിലായി അങ്ങനെയിങ്ങനെ നടക്കുകയല്ലാതെ ദ്രുതഗതിയിലുള്ള ജോലി കാണാനില്ല. തൊഴിലാളികള്‍ ഇടക്കിടെ വന്നു ജോലി ചെയ്ത് പോകുന്ന വിധത്തിലാണ് കാര്യങ്ങള്‍. സര്‍വീസ് റോഡ് പോലും അസഹനീയമായ രീതിയില്‍ പൊട്ടി പൊളിഞ്ഞ
നിലയിലാണുള്ളത്. സര്‍വീസ് റോഡിന്റെ ഓരത്ത് നിര്‍മിച്ച ഓവ്ചാലിന് മുകളില്‍ വാര്‍ത്തിട്ട കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഒന്നൊന്നായി പൊട്ടുന്നതും കാല്‍നടയാത്രക്കാരുടെ സുരക്ഷിത യാത്രക്ക് ഭീഷണിയാവുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോള്‍ കണ്ണൂര്‍-കോഴിക്കോട് ദീര്‍ഘദൂര ബസുകളും ആംബുലന്‍സുകളും ഗതി മാറി ഈ സര്‍വീസ് റോഡിലൂടെയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്.
എത്രയും വേഗം റോഡ് പണി തീരണമേയെന്ന് ആഗ്രഹിക്കുന്നവരെ തീര്‍ത്തും
നിരാശപ്പെടുത്തുകയാണ് വഗാഡ് കമ്പനിയെന്നാണ് പരക്കെയുള്ള പരാതി.
-ആര്‍ വിജയന്‍















