
വടകര: രാജ്യം മതേതരമായി നിലനില്‍ക്കാനും മനുഷ്യര്‍ തമ്മില്‍ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കാനും വീടുകളില്‍
വര്‍ഗീയത പറയുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍ രാജ്യസഭാ അംഗവും പ്രമുഖ ഗാന്ധിയനുമായ സി.ഹരിദാസ് പറഞ്ഞു. മടപ്പള്ളി ഗവ. കോളജ് മുന്‍കാല കെഎസ്‌യു പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സിമാക് വടകര’ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മൂന്നാമത് സദ്ഭാവന പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു സി.ഹരിദാസ്. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും വളര്‍ത്താന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം. പ്രത്യേകിച്ച് കുട്ടികളുടെ സാന്നിധ്യത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ മനസില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാതിരിക്കാന്‍ മുതിര്‍ന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വടകര സാംസ്‌കാരിക ചത്വരത്തില്‍ നടന്ന ചടങ്ങ് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിമാക് പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്‌കാരിക നായകന്‍ പ്രൊഫ. എം.എന്‍.കാരശ്ശേരി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. അധികാരത്തിന്റെ
അവസ്ഥാന്തരങ്ങള്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, അധികാരം ദാസ്യമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളെ സേവിക്കാനുള്ള ഉപാധിയായി അധികാരം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വടകര മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജുല്‍ ആയാടത്തില്‍, ജൂറി ചെയര്‍മാന്‍ കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു. സിമാക് സെക്രട്ടറി മുരളീധരന്‍.കെ സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍.ഗില്‍ജിത്ത് നന്ദിയും പറഞ്ഞു. പുരസ്‌കാര സമര്‍പണത്തിന് മുന്നോടിയായി വടകര കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് & സയന്‍സ് കോളജ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരവും ചടങ്ങിന് ശേഷം പഴയകാല സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത വിരുന്നും അരങ്ങേറി.















