കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്‍പ്പറ്റയ്ക്ക് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ നിര്‍മിച്ചുവരുന്ന
കല്‍പ്പറ്റ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം 2026 ഫെബ്രുവരി 25ന് വൈകിട്ട് 4.00ന് നടക്കും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗുണഭോക്താക്കള്‍ക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനവും അതോടൊപ്പം ആദ്യഘട്ട ഗുണഭോക്താക്കളായ 178 പേര്‍ക്ക് അവരുടെ ഭൂമിയുടെ പട്ടയവുമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. തുടര്‍ന്ന് വരുന്ന ബാക്കിയുള്ള ഗുണഭോക്താക്കള്‍ക്കും, മുഴുവന്‍ 327 പേര്‍ക്കും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീട് അനുവദിക്കുന്നതായിരിക്കും. അവരുടെ വീടുകളുടെ പണിയും അന്തിമഘട്ടത്തിലാണ്. മുന്നൂറോളം വീടുകളുടെ വാര്‍പ്പ് പണി ഇതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അവയുടെ ഫിനിഷിങ് ജോലികള്‍ മാത്രമേ ബാക്കി ഉള്ളൂ. അടുത്ത മഴക്കാലത്തിനു മുമ്പ് മുഴുവന്‍ ദുരന്ത ബാധിതര്‍ക്കും സ്വന്തം ഭൂമിയും
വീടും നല്‍കി അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. കിഫ്ബിയുടെ ഉപകമ്പനിയായ കിഫ്‌കോണ്‍ പദ്ധതിയുടെ സാങ്കേതിക കണ്‍സള്‍ട്ടന്റാണ്. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്കാണ് നിര്‍മാണ ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌ഋെമന്റ് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ പ്രത്യേകമായി രൂപീകരിച്ച പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) പദ്ധതിയുടെ സമഗ്ര ഏകോപനവും മേല്‍നോട്ടവും നിര്‍വഹിക്കുന്നു. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.















