വടകര: മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് കെ.സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും താനായാലും സുധാകരനായാലും
അഭിപ്രായമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കരുത്. താന്‍ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയേണ്ട സാഹചര്യമല്ലെന്ന് തനിക്കറിയാം. താന്‍ സീറ്റിനായി ആരോടും സമ്മര്‍ദം ചെലുത്തിയിട്ടില്ല. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് ചിറ്റൂരില്‍ മത്സരിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളും പാര്‍ട്ടി ആവശ്യപ്പെട്ടത്
പ്രകാരമാണെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
സമുദായിക സമവാക്യങ്ങള്‍ പാലിക്കുന്ന പട്ടികയുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും തുല്യമായ പരിഗണന നല്‍കി. അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുധാകരന്‍.
സുധാകരന്‍ വഴങ്ങാത്ത സാഹചര്യത്തില്‍ ഇളവ് നല്‍കാനും ഹൈക്കമാന്‍ഡ്
ആലോചിക്കുന്നുണ്ട്. സുധാകരന്‍ തീരുമാനത്തില്‍നിന്ന് പിന്നോട്ടു പോകാത്തതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. സീറ്റ് നല്‍കിയാലല്ലാതെ സുധാകരനെ അനുനയിപ്പിക്കാനാവില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നതായാണ് വിവരം. സ്വതന്ത്രനായി സുധാകരന്‍ മത്സരിക്കുകയാണെങ്കില്‍ എംപി സ്ഥാനം സുധാകരന്‍ രാജിവെക്കേണ്ടി വരുമെന്നും ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ക്ഷീണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് നേതൃത്വം.
















