
കണ്ണൂര്‍: തളിപ്പറമ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ.ശ്യാമളക്കെതിരെ മത്സരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ രംഗത്ത്. സംസ്ഥാന സെകട്ടറി എം.വി.ഗോവിന്ദന്റെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ഭാര്യ പി.കെ.ശ്യാമളയെ
സ്ഥാനാര്‍ഥിയാക്കിയതെന്ന് ടി.കെ.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ
ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി വിട്ട് സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് മലപ്പട്ടത്തു നിന്നുള്ള നേതാവായ ടി.കെ
ഗോവിന്ദന്‍. നേരത്തെ പി കെ ശ്യാമളയെ മത്സരിപ്പിക്കരുതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പു ഉന്നയിച്ച നേതാവാണ് അദ്ദേഹം.
മൂന്നുതവണ എംഎല്‍എയായിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരിത്തുന്നത് ശരിയല്ലെന്ന് എം.വി ഗോവിന്ദന്‍ മാഷോട് പറഞ്ഞു. രൂക്ഷമായ വിമര്‍ശനം ജില്ലാ കമ്മിറ്റിയിലും ഉയര്‍ന്നു. മണ്ഡലം കമ്മിറ്റിയില്‍ മൂന്നുപേര്‍ ഒഴികെ മുഴുവന്‍ പേരും വിമര്‍ശനമുയര്‍ത്തി. എം.വി ഗോവിന്ദനെ ഇരുത്തിയാണ് വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് എല്ലാം പറഞ്ഞു. ഒരാളും മാറ്റം വരുത്താന്‍ തയ്യാറായില്ല.
യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി.കെ.ഗോവിന്ദന്‍ അദ്ദേഹം പറഞ്ഞു.
















