അരൂര്‍: മേഖലയില്‍ കാട്ടുപന്നികളുടെ അക്രമത്തെ തുടര്‍ന്ന് ജനം ആശങ്കയില്‍. അരൂര്‍ കല്ലുംപുറം രാജീവ് നഗര്‍ പ്രദേശത്ത് കാട്ട് പന്നിക്കൂട്ടം വ്യാപക കൃഷി നാശമാണ്
വരുത്തിയത്. വാഴ, കമുങ്ങിന്‍ തൈ, പൈനാപ്പിള്‍, തെങ്ങിന്‍ തൈ എന്നിവ നശിപ്പിച്ചു. നേരത്തെയും ഇവിടങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. പാറോള്ളതില്‍ അബ്ദുല്ല, അമ്മത്, വാതുക്കല്‍ പറമ്പത്ത് ബിയ്യാത്തു ഉള്‍പ്പെടെ പലരുടേയും വിവിധ കൃഷികളാണ് പന്നിക്കൂട്ടം തിങ്കളാഴ്ച പുലര്‍ച്ചെ നശിപ്പിച്ചത്. കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തി വെച്ചത്. ഉപദ്രവകാരികളായ പന്നികളെ വെടി വെച്ച് കൊല്ലാന്‍
അനുമതിയുണ്ടെങ്കിലും തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അംഗീകൃത ഷൂട്ടര്‍മാരുടെ തോക്കുകള്‍ പോലീസ് സ്റ്റേഷനിലാണുള്ളത്. ഇത് പന്നികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. അടിയന്തിരമായി അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. കര്‍ഷകരുടെ അവസ്ഥ മനസിലാക്കി ഷൂട്ടര്‍മാര്‍ക്ക് തോക്ക് തിരിച്ചു നല്‍കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.















