
അഴിയൂര്‍: ദേശീയ പാതയില്‍ മുക്കാളി കെഎസ്ഇബി ഓഫീസിനും ചോമ്പാലിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമിടയില്‍ ടോള്‍ പ്ലാസ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്
കടന്നപ്പോള്‍ നാട്ടുകാര്‍ ആശങ്കയില്‍ തന്നെ. വാഹനങ്ങള്‍ പോകാനുള്ള വഴിയുടെ പ്രതലം കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞു. അഡ്മിനിസ്ട്രറ്റീവ് ബ്ലോക്ക്, ശുചി മുറി, പോലീസ് എയ്ഡ് പോസ്റ്റ്, വെയിംഗ് ബ്രിഡ്ജ്, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള മുറികള്‍, വെളിച്ച സംവിധാനം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാകാറായി.
ടോള്‍ പ്ലാസയ്ക്ക് ഇരു വശത്തും താമസിക്കുന്നവര്‍ക്ക് യാത്രക്കായി സര്‍വീസ് റോഡ്
സംവിധാനമില്ലാത്തതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. ഇവര്‍ എങ്ങനെ സഞ്ചരിക്കുമെന്ന കാര്യത്തില്‍
ഒരു വ്യക്തതയുമില്ല. എംപി, എംഎല്‍എ, പ്രോജക്റ്റ് ഡയറക്ടര്‍ അടക്കം പല തവണ സ്ഥലത്ത് എത്തിയിരുന്നു. സര്‍വീസ് റോഡിന് സമീപമുള്ളവര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാന്‍ സ്ലിപ്പ് റോഡ് സംവിധാനം ഒരുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തുടര്‍ നടപടികള്‍
ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലാണ് ആശങ്ക. ടോള്‍ പ്ലാസ തുടങ്ങിയാല്‍ എങ്ങനെ പോകുമെന്നറിയാതെ കുഴങ്ങുകയാണ് ഇവിടത്തുകാര്‍.
ടോള്‍ പ്ലാസയ്ക്ക് ചുറ്റുമുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കണമെന്ന് ദേശീയ പാത കര്‍മ്മ സമിതി ജില്ല കണ്‍വീനര്‍ എ.ടി.മഹേഷ്, സമിതി സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവര്‍ ആവശ്യപ്പെട്ടു.
















