
പയ്യോളി: സാഹിത്യവും കലയുമെല്ലാം സമൂഹത്തിന് ചൂണ്ടുപലകകളാണെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. മേലടി ശ്രീനാരായണ ഭജനമഠം ഗവ. യുപി സ്‌കൂള്‍
വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം നിരവധി പ്രശ്‌നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോള്‍ കലയും സാഹിത്യവുമെല്ലാം മരുന്നായി മാറുന്നുണ്ട്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്നവരാണ് എഴുത്തുകാരും കലാകാരന്മാരുമെന്നും അവര്‍ നിരന്തരം കരുണയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെന്നും വീരാന്‍കുട്ടി കുട്ടികളുമായുള്ള സംവാദത്തില്‍ സൂചിപ്പിച്ചു.
കെ.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം.സി.പ്രമോദ്, പി ടി എ
പ്രസിഡന്റ് സി. പ്രമോദ്, വിവേക് പയ്യോളി, പി.എം.സുനില്‍കുമാര്‍, കെ.സറീന, എം.പി.സംഗീത എന്നിവര്‍ സംസാരിച്ചു.















