
കൊയിലാണ്ടി: ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരം സഞ്ജു സാംസണ്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം കൊയിലാണ്ടിയിലെത്തി. സുഹൃത്തും ക്രിക്കറ്റ് താരവുമായ രോഹന്‍ കുന്നുമ്മലിന്റെ
കൊല്ലം ചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു എത്തിയത്.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളില്‍ നിന്നു മാറി നില്‍ക്കാനാണ് സ്വകാര്യമായി കോഴിക്കോട് എത്തിയത്. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും അണ്ടര്‍ 19 ഇന്ത്യാ ടീമിലും കളിച്ചിട്ടുണ്ട്. ഇരുവരും
ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ഇരുവരും കേരളത്തിനുവേണ്ടി സെഞ്ച്വറിയും നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് എലത്തൂരിലെ റിസോര്‍ട്ടില്‍ നിന്നു സഞ്ജു രോഹന്റെ കൊയിലാണ്ടയിലെ വീട്ടിലെത്തിയത്. ഒപ്പം കേരളത്തിന്റെ ക്രിക്കറ്റ് താരം സല്‍മാനും
റാഷിദ് ഫറോഖും ഉണ്ടായിരുന്നു. വീട്ടിലെത്തിയ സഞ്ജുവിനെ രോഹന്റെ പിതാവ് സുശീല്‍ കുന്നുമ്മലും മുത്തച്ഛന്‍ ഗോവിന്ദനും ചേര്‍ന്ന് സ്വീകരിച്ചു. ഏറെ നേരം വിശേഷം പങ്കുവെച്ചതിനു ശേഷമാണ് സഞ്ജു മടങ്ങിയത്.
-സുധീര്‍ കൊരയങ്ങാട്
















