
ന്യൂഡല്‍ഹി: പുതുപ്പണം കോട്ടക്കടവ് റെയില്‍വേ ഗേറ്റിലെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘സേതു ബന്ധന്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ മേല്‍പ്പാലം നിര്‍മിക്കണമെന്ന് എംപി നിവേദനത്തില്‍
ആവശ്യപ്പെട്ടു. തൊണ്ണൂറിലധികം ട്രെയിനുകള്‍ കടന്നുപോകുന്ന ഈ സെക്ഷനില്‍ ഓരോ ദിവസവും ആറ് മണിക്കൂറിലധികം റെയില്‍വേ ഗേറ്റ് അടച്ചിടുന്നത് മൂലം പതിനായിരക്കണക്കിന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം എംപി മന്ത്രിയെ നേരിട്ട് ധരിപ്പിച്ചു.
ദേശീയപാത 66-ല്‍ നിന്നു വെറും 10 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ റെയില്‍വേ ഗേറ്റ് അടയ്ക്കുന്ന നിമിഷം തന്നെ വാഹനങ്ങളുടെ നീണ്ട നിര ദേശീയപാതയിലേക്ക് വ്യാപിക്കുകയും ഇത് വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാവുകയും
ചെയ്യുന്നുണ്ട്. പത്തോളം നഗരസഭാ വാര്‍ഡുകളിലെ ജനങ്ങളുടെയും സാന്റ്ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിലേക്കെത്തുന്ന സഞ്ചാരികളുടെയും ആശ്രയമായ ഈ പാതയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂവെന്ന് എംപി ചൂണ്ടിക്കാട്ടി. അടിയന്തിര ചികിത്സ തേടി പോകുന്ന രോഗികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗതാഗതക്കുരുക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രദേശത്തെ ഏഴ് സ്കൂളുകള്‍, ഖാദി യൂണിറ്റുകള്‍, കയര്‍ സൊസൈറ്റികള്‍, മത്സ്യബന്ധന
അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെയും ഈ യാത്രാതടസം സാരമായി ബാധിക്കുന്നുണ്ട്. റെയില്‍വേ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കി ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സേതു ബന്ധന് പദ്ധതിയില്‍ ഈ മേല്‍പ്പാലം ഉള്‍പ്പെടുത്തുന്നത് വടകരയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് എംപി. ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ അടിയന്തര പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കി.
















