
കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടനവും
നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.
ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉച്ചക്ക്
കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി
സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവരും സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്.
മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ്
റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിന്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റിനിർത്തിയതെന്ന് വിമർശനമുയർന്നു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്‌ഥാന സർക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എൽഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കിൽ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു
















