
കൊയിലാണ്ടി: നമ്പ്രത്ത്കരയില്‍ കനാല്‍ പൊട്ടി കടകളില്‍ വെള്ളം കയറി നാശം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുറ്റ്യാടി ഇടതുകര കനാലിന്റെ നടേരി ഭാഗത്തേക്കുള്ള
സബ് കനാലാണ് പൊട്ടിയത്. ഇതോടെ കുത്തിയൊലിച്ചെത്തിയ വെള്ളം നമ്പ്രത്ത് കരയിലെ കടകളില്‍ കയറി നാശനഷ്ടമുണ്ടായി. മസാല കട, ചിക്കന്‍ കട, തുടങ്ങിയ അഞ്ചോളം കടകളിലാണ് വെള്ളം കയറി നാശം വിതച്ചത്. ചിക്കന്‍ സ്റ്റാളിനുള്ളില്‍ വെള്ളം നിറഞ്ഞതോടെ നിരവധി കോഴികള്‍ ചത്തു. സാധനസാമഗ്രികള്‍ക്കു വെള്ളം കയറി കേടു സംഭവിച്ചു.
ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കാത്തതാണ് കനാല്‍ തകരാന്‍
കാരണമായി പറയുന്നത്. മുള്ളന്‍പന്നിയടക്കമുള്ള ജീവികള്‍ മാളംകുഴിച്ചതിനാല്‍ വെള്ളം എളുപ്പം കുത്തിയൊലിക്കുകയും കനാല്‍ തകരാനും വഴിയൊരുക്കി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വാര്‍ഡു മെമ്പര്‍മാരായ റെയ്ഹാനത്തിന്റെയും ബിജുവിന്റെയും നേതൃത്വത്തില്‍ മണ്ണും ചെളിയും നീക്കി ആശ്വാസ നടപടി കൈക്കൊണ്ടു. കനാല്‍ അറ്റകുറ്റ പണികള്‍ നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് എത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു.
-സുധീര്‍ കൊരയങ്ങാട്
















