
ന്യൂഡൽഹി: വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. നിർമാണം അടിയന്തരമായി സ്റ്റേ ചെയ്യണ
മെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയിൽ പറയുന്നു.
പദ്ധതിക്കെതിരെ സമിതി നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. വേണ്ടത്ര പഠനം നടത്താതെയാണ് അനുമതി നൽകിയത്. 2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കെ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്തു
കൂടെയാണ് ഈ തുരങ്ക പാത കടന്നു പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചത്. വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. 8.73 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിയുടെ നിർമാണം കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്.
















