വടകര: കുറ്റ്യാടി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ 1150 കോടി രൂപയുടെ വികസന മുന്നേറ്റം എന്ന പേരില്‍ സ്ഥാപിച്ച ഫ്‌ളെക്‌സുകള്‍ക്ക് പിന്നില്‍ വികസനമല്ലെന്നും ജനങ്ങളുടെ
കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണെന്നും മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള. സംസ്ഥാന സര്‍ക്കാരിന്റെ അതേ മാതൃകയിലുള്ള പിആര്‍ ഗിമ്മിക്കുകളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമവുമാണ് നടക്കുന്നത്. ഇത്രയും വലിയ കോടികളുടെ വികസനം ഫ്‌ളെക്‌സുകളിലല്ലാതെ മണ്ഡലത്തില്‍ കാണുന്നില്ല. മാത്രമല്ല, പല സുപ്രധാന പദ്ധതികളുടെയും പ്രവൃത്തി മന്ദഗതിയിലുമാണ്. ഇപ്പോഴത്തെ പലതും താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ തുടക്കം കുറിച്ചതും ചെയ്തതുമാണെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. 2016ല്‍ ഞാന്‍ കുറ്റ്യാടിയില്‍ എത്തുമ്പോള്‍ മണ്ഡലത്തിന്റെ അവസ്ഥ ഒരു ‘ഈജിയന്‍ തൊഴുത്ത്’ പോലെയായിരുന്നു. ദീര്‍ഘകാലം ഇടതുപക്ഷം ഭരിച്ചിടത്ത് പൊടിപിടിച്ച ഫയലുകളും ലാപ്‌സായ ഫണ്ടുകളുമായി നാഥനില്ലാ കളരിയായിരുന്നു. കോടികള്‍ കൊടുത്ത് വാങ്ങി കാടുപിടിച്ചു കിടക്കുന്ന 115 ഏക്കറിലെ മണിമല നാളികേര പാര്‍ക്ക്, വെറും കടലാസില്‍ മാത്രം ഒതുങ്ങിയ കുറ്റ്യാടി ബൈപ്പാസ്, ഒരു സയന്‍സ് കോഴ്‌സ് പോലുമില്ലാത്ത മൊകേരി കോളജ് ഇങ്ങനെയായിരുന്നു അന്നത്തെ കുറ്റ്യാടി. പ്രതിപക്ഷ എംഎല്‍എ ആയിരുന്നിട്ടും കോവിഡ് മഹാമാരി തടസ്സം നിന്നിട്ടും 730 കോടി രൂപയുടെ വികസനം 2016-21 കാലത്ത് മണ്ഡലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 5 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടവും 72 ലക്ഷത്തിന്റെ ആസ്തി വികസന ഫണ്ടും മൊകേരി ഗവ. കോളജിന് 7.69 കോടി, കോളേജില്‍ സയന്‍സ് കോഴ്‌സ് കൊണ്ടുവരികയും 15 ലക്ഷം രൂപ
ചെലവില്‍ സയന്‍സ് ലാബ് നിര്‍മിക്കുകയും ചെയ്തു. മണിയൂര്‍ സ്‌കൂളിന് 3.30 കോടി, വട്ടോളി സ്‌കൂളിന് 1.35 കോടി, പറമ്പില്‍ ഗവണ്മെന്റ് യുപി സ്‌കൂളിന് 1 കോടി. 3 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു വാഹനം അനുവദിച്ചു. മണിയൂര്‍ എഞ്ചിനീയറിംഗ് കോളജ് ലേഡീസ് ഹോസ്റ്റലിന് 5 കോടി. സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമായി 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. കുന്നുമ്മല്‍ എഇഒ ഓഫീസിന് ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് സ്ഥലം കണ്ടെത്തുകയും ഫണ്ട് അനുവദിക്കുകയും ചെയ്തു. ആരോഗ്യ മേഖലയലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നു കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് 50 സെന്റ് ഭൂമി ലഭ്യമാക്കിയതും ആദ്യഘട്ട നിര്‍മ്മാണത്തിന് 2 കോടി അനുവദിച്ചതും എന്റെ കാലത്താണ്. കുറ്റ്യാടി സ്‌നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടനിര്‍മാണത്തിലേക്ക് 99 ലക്ഷം രൂപ. മണിയൂര്‍, വില്ല്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, വേളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. മണിയൂര്‍, വില്ല്യാപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങള്‍ക്കായി യഥാക്രമം 28 ലക്ഷം, 50 ലക്ഷം രൂപ അനുവദിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് 50 ലക്ഷം രൂപ. രണ്ട് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ആംബുലന്‍സ്.
തണ്ണീര്‍തട ഭൂമിയായി രേഖയില്‍ കിടന്നിരുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ഭൂമി തരംമാറ്റിയതുള്‍പ്പെടെ 90% നടപടികളും എന്റെ കാലത്ത് പൂര്‍ത്തിയായതെന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്. 364 ഗ്രാമീണ പ്രാദേശിക റോഡുകള്‍ വിവിധ ഫണ്ടുകളിലായി പൂര്‍ത്തിയാക്കി. വടകര-വില്ല്യാപ്പള്ളി-ചേലക്കാട് (66.3 കോടി),
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് (83.43 കോടി), മുട്ടുങ്ങല്‍-പക്രംതളം (41 കോടി) റോഡുകള്‍ക്ക് തുക അനുവദിച്ചു. വടകര-മാഹി കനാല്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലുള്ള മൂന്നില്‍ രണ്ട് പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു.
പറമ്പില്‍ പാലം (8.40 കോടി), കല്ലേരി പാലം (8.50 കോടി). മാങ്ങാമുഴി ലോക്ക് കം ബ്രിഡ്ജ് പദ്ധതിക്ക് 16.95 കോടിയും അപ്രോച്ച് റോഡിന് 6.79 കോടി രൂപയും അനുവദിക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. കുന്നുമ്മല്‍ കുടിവെള്ള പദ്ധതിക്ക് 18 കോടി രൂപയും ഉപ്പ് വെള്ളം തടയുന്നതിനായുള്ള പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 77 കോടിയും അനുവദിക്കുകയും പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 നഗറുകള്‍ക്കായി 4.6 കോടിയുടെ ഫണ്ട് കണ്ടെത്തി. പയംകുറ്റിമല ലോകനാര്‍ക്കാവ് ടൂറിസം പദ്ധതികള്‍ക്കായി 7.85 കോടി രൂപയോളം
അനുവദിച്ചു. ഇതൊക്കെ ചെയ്തത് 2021നു ശേഷമാണെന്ന അവകാശവാദം ശരിയല്ലെന്ന് പാറക്കല്‍ അബ്ദുള്ള പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ഉദ്ഘാടന പ്രഹസനങ്ങള്‍ മാത്രമാണ്. കേന്ദ്ര പദ്ധതിയായ ജലജീവന്‍ മിഷന്റെ കോടികള്‍ സ്വന്തം അക്കൗണ്ടിലാക്കിയിരിക്കുകയാണ്. ഫ്‌ളെക്‌സ് വെച്ച് ജനങ്ങളെ കബളിപ്പിക്കാമെന്ന് കരുതേണ്ടെന്നും പ്രബുദ്ധരായ വോട്ടര്‍മാര്‍ സത്യം തിരിച്ചറിയുമെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ വി.എം.ചന്ദ്രന്‍, പി.എം.അബൂബക്കര്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി.അബ്ദുറഹ്മാന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കാവില്‍ രാധാകൃഷ്ണന്‍, ശ്രീജേഷ് ഊരത്ത്, പി.സി.ഷീബ, ടി.വി.ഗംഗാധരന്‍, വി.പി.കുഞ്ഞമ്മദ്, ചുണ്ടയില്‍ മൊയ്തു ഹാജി എന്നിവര്‍ പങ്കെടുത്തു.















