
മാഹി: മാഹി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് ജനപ്രതിനിധി ഉള്‍പ്പെട്ട സംഘം മാഹിയിലെത്തിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാസ് നാഥിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന കാര്യമാണ്
പ്രധാനമായി ഉന്നയിച്ചത്. ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ പ്രദേശവാസികളടക്കമുള്ള യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നതെന്ന് സംഘം ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. റെയില്‍വേ അണ്ടര്‍പാസ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തടസം നീക്കി പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പായാല്‍ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്ന് സംഘം
ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ സംഘത്തിന് ഉറപ്പ് നല്‍കി. അഴിയൂര്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ മഹിജ തോട്ടത്തില്‍, അഡ്വ. ജ്യോതിരാജ്, അഴിയൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ എന്നിവരടങ്ങിയ സംഘമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാസ് നാഥിനെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചത്.
















