കോഴിക്കോട്: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പോലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മന്ത്രിയുടെ
ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശന്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേഷ് കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. ഗണേഷ് കുമാറിന്റെ ഭാര്യ ഉന്നയിച്ചത് ഗുരുതര
ആരോപണങ്ങളാണ്. മൂന്ന് ദിവസമായി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ട്. എന്തുകൊണ്ട് മുഖ്യമന്ത്രി നടപടി എടുത്തില്ല. മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് കാര്യം വിശദീകരിച്ചുവെന്നാണ് പറയുന്നത്. മൂന്ന് ദിവസം പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നു. ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ. മന്ത്രിയുടെ ഭാര്യക്ക് പോലും സുരക്ഷിതത്വം ഇല്ല. പരാതിയുടെ പുറത്ത് മുഖ്യമന്ത്രി അടയിരിക്കുകയാണ്. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഗണേഷിന്റെ രാജി വാങ്ങിയത് എന്തിനെന്ന് ഇപ്പോള്‍ മനസ്സിലായല്ലോയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.















