തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടന്‍ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
പിണറായി വിജയന്‍. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീര്‍ത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ മമ്മൂട്ടിയെത്തിയത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. മമ്മൂട്ടി നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഇടപഴുകുന്നുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. അവിടെ എത്തി അത് കാണുക. അതിന്റെ ഭാഗമാവുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇത്തരം കാര്യങ്ങളില്‍ സാധാരണ ഗതിയില്‍ നല്ല രീതിയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ആ
ജില്ലയിലെ സിപിഎം ജില്ലാ സെക്രട്ടറി റഫീഖ്. അയാളും മമ്മൂട്ടിയുടെ കൂടെ പോകുന്നു. സ്വാഭാവികമായി മമ്മൂട്ടി ഈ ചെറുപ്പക്കാരനോട് പറയുകയാണ് നിങ്ങള്‍ ക്ഷണിച്ചിട്ട് ഞാന്‍ വന്നതല്ലല്ലോ. നിങ്ങള്‍ എന്റെ കൂടെ തന്നെ നടക്കുമ്പോള്‍ അത് മറ്റ് രീതിയില്‍ ചിത്രീകരിക്കപ്പെടില്ലേ. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതൊരവസരമാകില്ലേ എന്നാണ് മമ്മൂട്ടി ഉദ്ദേശിച്ചതും ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി പറഞ്ഞതും. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തില്‍ വെച്ച് നടക്കുന്നവര്‍ വിവാദമാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്. സിപിഎം സാമൂഹിക മാധ്യമ പോരാളികള്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ അറിയാതെയായോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മനസിന് വിഷമം ഉണ്ടായതില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.















