
ടെഹ്റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 പുരോഹിതരടങ്ങുന്ന സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ
തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാല്‍; മുജ്തബയുടെ നേതൃത്വം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തങ്ങളുടെ അനുമതിയോ താത്പര്യമോ പരിഗണിക്കാതെയാണ് ഇറാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും അധികനാള്‍ വാഴിക്കില്ലെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാനിലെ ഭരണസംവിധാനം തന്നെ
ഇല്ലാതാക്കുമെന്നും ആവശ്യമെങ്കില്‍ കരസേനയെ അയക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആരാണോ അവരെ ലക്ഷ്യമിടുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
ആയത്തൊള്ള ഖമനയിയുടെ മകന്‍ എന്നതിനപ്പുറം ഇറാന്റെ ഭരണരംഗത്ത് ഔദ്യോഗിക
പദവികളൊന്നും അലങ്കരിച്ചിട്ടില്ലാത്ത ആളാണ് മുജ്തബ ഖമനയി. 2005ലെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലോടെയായിരുന്നു മുജ്തബ രാഷ്ട്രീയത്തില്‍ സജീവമായി തുടങ്ങിയത്. നേരത്തെ മഹ്‌മൂദ് അഹമ്മദി നെജാദ് മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുജ്തബ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് 2009ലെ തെരഞ്ഞെടുപ്പിലും നെജാദിനെ മുജ്തുബ പിന്തുണച്ചിരുന്നു. നെജാദിന് തുടര്‍ഭരണം സമ്മാനിച്ച ആ തെരഞ്ഞെടുപ്പില്‍ പക്ഷെ ക്രമക്കേട് ആരോപിച്ച് പ്രതിഷേധങ്ങളുമുണ്ടായിരുന്നു. ഗ്രീന്‍ മൂവ്‌മെന്റ് എന്ന് അറിയപ്പെടുന്ന ആ രാജ്യവ്യാപക പ്രതിഷേധം അടിച്ചമര്‍ത്തിയതില്‍
മുജ്തബയ്ക്ക് പങ്കുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.















