പയ്യോളി: ശുചിത്വ പരിശോധനയെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ തയ്യാറാകാത്ത ക്വാര്‍ട്ടേഴ്‌സ് ഉടമക്കെതിരെ ആരോഗ്യവിഭാഗം നിയമ
നടപടിക്ക്. പയ്യോളി നഗരസഭ ഡിവിഷന്‍ 30 ല്‍ ചൊറിയന്‍ചാല്‍ പ്രദേശത്ത് 109 മുതല്‍ 113 വരെ നമ്പര്‍ വാടക ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പയ്യോളി കുഞ്ഞാന്തട്ടി മറിയത്തിനെതിരെയാണ് ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം നിയമനടപടിക്കൊരുങ്ങുന്നത്. മറിയത്തിന്റെ ഉടസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലെ കക്കൂസ് ടാങ്ക് പൊട്ടിപ്പൊളിഞ്ഞ നിലയിലും മലിനജല കുഴികള്‍ ഇല്ലാതെ കൊതുകുകള്‍ പെരുകുകയും ചെയ്യുന്ന നിലയിലുമാണ്. ഇതിലെ അപാകം പരിഹരിക്കണമെന്ന് ഒരാഴ്ച മുമ്പ് നടന്ന പരിശോധനയെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല. ഇന്ന്
സ്ഥലത്തെത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ്. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് കാരണങ്ങളുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണമെന്നും മറുപടി ലഭിച്ച ശേഷം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശാനുസരണം തുടര്‍നടപടി സ്വീകരിക്കുമെന്നും ഇവര്‍ ഉടമയെ അറിയിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്‍കി. കൗണ്‍സിലര്‍ പി.എം.ഹയറുന്നീസ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.രജിഷ, പി.കെ.ഷാജി എന്നിവര്‍ പങ്കെടുത്തു.















