
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിർണയത്തില്‍ സിപിഐയില്‍ പൊട്ടിത്തെറി. നാട്ടിക എംഎല്‍എ സിസി മുകുന്ദനാണ് പരസ്യമായി രംഗത്തെത്തിയത്.
സിപിഐ നേതൃത്വത്തിനെതിരെ പേയ്മെന്റ് സീറ്റ് ആക്ഷേപം ഉള്‍പ്പെടെ ഉന്നയിക്കുകയാണ്
സിറ്റിങ് എംഎല്‍എ കൂടിയായ സിസി മുകുന്ദന്.
നാട്ടികയില്‍ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെയാണ് സി സി മുകുന്ദന് തുറന്നടിച്ചത്. പാര്‍ട്ടിക്ക് പണം നേടിക്കൊടുക്കാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലാണ് ഗീത ഗോപിക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചത് എന്നാണ് സിസി മുകുന്ദന്റെ ആരോപണം. സീറ്റ് തന്നില്ലെങ്കിലും മത്സര രംഗത്തുണ്ടാകുമെന്നും സിസി മുകുന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഗീത ഗോപിയുടെ
സ്ഥാനാര്‍ഥിത്വം പരിശോധിക്കണം. നിരവധി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. കഴിഞ്ഞ തവണ അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയത്. പാര്‍ട്ടിക്ക് സാമ്പത്തികം
കൊണ്ടുവരാന്‍ കഴിയുന്ന ആളാണ്. പാര്‍ട്ടിക്കു പത്ത് രൂപ പോലും വാങ്ങി നല്കാന് തനിക്കായിട്ടില്ല. അതാണ് എന്റെ കുറവായി കണക്കാക്കുന്നത്. സിപിഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല. രണ്ട് ടേം എല്ലാ എംഎൽഎമാർക്കും നൽകിയെന്നും തന്നെ മാത്രം പാർട്ടി ഒഴിവാക്കിയെന്നും സിസി മുകുന്ദന് പറഞ്ഞു. മുറിവേറ്റിട്ടുണ്ട്, താന്‍ ഒരു നിലപാട് എടുത്താല്‍ പാര്‍ട്ടി നടപടി എടുത്തേക്കും. അതില്‍ ഭയമില്ല. സിസി മുകുന്ദന് വ്യക്തമാക്കുന്നു.
















