കോഴിക്കോട്: വിവിധ പദ്ധതികള്‍ക്ക് 140 കോടി രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് ബജറ്റ്. ഗ്രാമങ്ങളുടെ സമഗ്ര വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, പരിസ്ഥിതി
സംരക്ഷണം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കിയുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.നവാസ് അവതരിപ്പിച്ചു. പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ കാലാവസ്ഥ പ്രതിരോധശേഷിയിലേക്ക് നയിക്കുന്ന ‘റേസ് ടു നെറ്റ് സീറോ’ ആക്ഷന്‍ പ്ലാനിനായി 14 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മലബാറിലെ ഏറ്റവും വലിയ കാന്‍സര്‍ പ്രതിരോധ കേന്ദ്രമാക്കി തെങ്ങിലക്കടവിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയെ മാറ്റല്‍ ലക്ഷ്യമിട്ട് അഞ്ചു കോടി രൂപയും ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റാന്‍ മൂന്ന് കോടി രൂപയും വകയിരുത്തി. ജില്ലാ ആശുപത്രി വികസനത്തിന് 10 കോടി രൂപ, പാലിയേറ്റീവ് പരിചരണത്തിലൂടെ വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കെയര്‍ ഹുഡ് കോഴിക്കോട് പദ്ധതിക്ക് അഞ്ചു കോടി രൂപ, വിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എഐ ലാബ് പദ്ധതിക്ക് രണ്ടുകോടി രൂപ, സമഗ്ര ടൂറിസം വികസന പദ്ധതിക്ക് ഒരു കോടി രൂപ, സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 75
ലക്ഷം രൂപ, ജെന്‍ നെക്സ്റ്റ് പദ്ധതിക്ക് 60 ലക്ഷം രൂപ, പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള പ്രകാശതീരം പദ്ധതിക്ക് 25 ലക്ഷം രൂപ എന്നിങ്ങനെയും തുക മാറ്റിവെച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റീമ കുന്നുമ്മല്‍, ബല്‍ക്കീസ്, ബാലാമണി, മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.അബ്ദുല്‍ മുനീര്‍, അംഗങ്ങളായ രാജേഷ്, ജോസ്, അഞ്്ജിത ഷനൂപ്, ടി.കെ.സിബി, സി.എം.യശോദ, പി.ജി.മുഹമ്മദ്, മിസ്ഹബ് കീഴരിയൂര്‍, ഇ.അനൂപ്, ടി.കെ.മുരളീധരന്‍, അഡ്വ. പി.ശാരുതി, കെ.സുബീന, മഞ്ജുള മോവിള്ളാരി, പി.കെ.ബാബു, കെ.കെ.ശോഭ, കെ.കെ.ദിനേശന്‍, ഡോ. കെ.കെ.ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.















