
വടകര: യുദ്ധത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷിത മടക്കയാത്രക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.
ബഹറിനിലെ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് പ്രവാസികളെന്ന് ചൂണ്ടിക്കാട്ടി എംപി വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിന് കത്തയച്ചു.
ബഹ്റൈനില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ റോഡ്മാര്‍ഗം സൗദി അറേബ്യയില്‍ എത്തിയുള്ള യാത്ര മാത്രമാണ് നിലവില്‍ നാട്ടിലെത്താനുള്ള ഏക വഴി. എന്നാല്‍ സൗദി ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിലെ കടുത്ത പ്രയാസങ്ങള്‍ ഈ നീക്കത്തിന് തടസ്സമാവുകയാണ്.
അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍, അടുത്ത ബന്ധുക്കളുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തേണ്ടവര്‍, പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ ഇതോടെ കടുത്ത ദുരിതത്തിലാണെന്ന് എംപി കത്തില്‍ വ്യക്തമാക്കി.
ഈ മാനുഷിക പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും ബഹ്റൈനിലെ ഇന്ത്യന്‍ എംബസി വഴി ദുരിതബാധിതരായ പ്രവാസികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
















