Home Trending തിയേറ്ററുകള്‍ തുറന്നു; എങ്ങും ആരവം ഉയര്‍ന്നു

തിയേറ്ററുകള്‍ തുറന്നു; എങ്ങും ആരവം ഉയര്‍ന്നു


തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട തിയേറ്ററുകളില്‍ പത്തു മാസത്തിനു ശേഷം ആരവമുയര്‍ന്നു. ആളും ബഹളവുമായി തിയേറ്ററുകള്‍ സജീവമായി. വിജയിയുടെ ഏറ്റവും പുതിയ സിനിമയായ മാസ്റ്ററുമായാണ് പ്രദര്‍ശനത്തിനു തുടക്കം. രാവിലെ ഒമ്പതിനു തുടങ്ങിയ പ്രദര്‍ശനത്തിനു മണിക്കൂറുകള്‍ക്കു മുമ്പേ ആളുകളെത്തി. രാത്രി ഒമ്പത് മണിവരെയേ പ്രവര്‍ത്തനമുള്ളൂ എന്നതിനാല്‍ ദിവസം മൂന്നു പ്രദര്‍ശനമേ ഉണ്ടായിരിക്കുകയുള്ളൂ.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അണുവിമുക്തമാക്കിയശേഷമാണു തിയറ്ററുകള്‍ തുറന്നത്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതലുണ്ടാകും. ഇതിന്റെ ഭാഗമായി ഒന്നിട വിട്ട സീറ്റുകളിലാണ് ആളുകളെ ഇരുത്തുന്നത്. ഓരോ ഷോ കഴിയുമ്പോഴും അണുനശീകരണം നടത്തും. തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തിയറ്ററിലെത്തുന്നവര്‍ മാസ്‌ക് ധരിച്ചിട്ടുണ്ടോയെന്നു നിര്‍ബന്ധമായും പരിശോധിക്കും. അതോടൊപ്പം തിയറ്ററുകളില്‍ കൂട്ടംകൂടാനും അനുവദിക്കില്ല.
ആദ്യഘട്ടത്തില്‍ ദിവസേന മൂന്നു ഷോയേ ഉള്ളൂവെങ്കിലും വരും ദിവസങ്ങളില്‍ ഇതു വര്‍ധിപ്പിച്ചേക്കും. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറില്‍ മാത്രമാണ് പ്രദര്‍ശനം. വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വിജയ് ചിത്രം മാസ്റ്ററിനെ വരവേറ്റത്. പത്ത് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശം പ്രേക്ഷകരില്‍ പ്രകടമായിരുന്നു. എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയിട്ടാണ് മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളിലേക്കുളള ബുക്കിംഗുകളും 80 ശതമാനത്തോളം പൂര്‍ണമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റ് ചിത്രമായ മാസ്റ്ററിന്റെ വരവ് കേരളത്തിലടക്കം തിയറ്റര്‍-സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.