കോഴിക്കോട്: നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനത്ത് അര്‍ധ അതിവേഗ റെയില്‍പാതയുടെ ആവശ്യമില്ലെന്നു കെ.മുരളീധരന് എംപി. കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 29ന് തുടങ്ങുന്ന ലോക്സഭാ സമ്മേളനത്തില്‍ കെ-റെയില്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേരളത്തില്‍നിന്നുള്ള എംപിമാരുടെ നേതൃത്വത്തില്‍ പരിശ്രമിക്കുമെന്ന് മുരളീധരന് പറഞ്ഞു. വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും വികസനത്തിന്റെ പേരില്‍ ലൈഫ് മിഷനിലും കെ-ഫോണിലും മറ്റും നടക്കുന്ന അഴിമതിയെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും മുരളീധരന് പറഞ്ഞു.
കെ-റെയിലിന്റെ പേരില്‍ കോടികള്‍ മുടക്കിയുള്ള ജനദ്രോഹപരവും സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കുടിയൊഴിപ്പിക്കലിനുമാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. എന്ത് വില കൊടുത്തും ഈ പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ-റെയില്‍ പദ്ധതി ചവറ്റുകൊട്ടയില്‍ എറിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ കല്ലുകള്‍ സ്വകാര്യഭൂമിയില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ല. അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും മുരളീധരന് പറഞ്ഞു.
എരഞ്ഞിപ്പാലത്തു നിന്നും കാല്‍നടയായി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളടക്കം നിരവധി പേര് പങ്കെടുത്തു. കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്മാന് ടി.ടി.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മുതുകുനി, രാമചന്ദ്രന് വരപ്രത്ത്, ആര് കെ സുരേഷ്, ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പി.എം.ശ്രീകുമാര്‍, നിജിന്‍ ചോറോട്, സുകുമാരന്‍ മാസ്റ്റര്‍, എന്‍.പി.അബ്ദുള്ള ഹാജി, പി.വി.സി.മമ്മു, ഷാഫി എലത്തൂര്‍, മണിദാസ് കോരപ്പുഴ, സഹീര്‍ പി.കെ., ഫാറൂഖ് കെ, പ്രവീണ്‍ ചെറുവത്ത്, സുനീഷ് കീഴാരി, നസീര്‍ ന്യൂജല്ല തുടങ്ങിയവര്‍ നേതൃത്വം നല്കി.





