Home News കെ.വി.തോമസ് മറുകണ്ടം ചാടുമോ; ഇടതു സ്വതന്ത്രനാവുമെന്ന പ്രചരണം ശക്തം

കെ.വി.തോമസ് മറുകണ്ടം ചാടുമോ; ഇടതു സ്വതന്ത്രനാവുമെന്ന പ്രചരണം ശക്തം


കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് ഇടതു സ്വതന്ത്രനാവുമെന്ന പ്രചരണം ശക്തം. കോണ്‍ഗ്രസില്‍ മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരിഭവങ്ങള്‍ക്കിടയിലാണ് മറുകണ്ടം ചാടുമെന്ന പ്രചരണം ശക്തമാവുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി.തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.
യുഡിഎഫ് കണ്‍വീനര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി തുടങ്ങി പല സ്ഥാനവും കെ.വി.തോമസിന് നോട്ടമുണ്ടായിരുന്നു. എന്നാല്‍ അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തിലെ സംഘടനാ ചുമതലയാണ് കെ.വി.തോമസിന് നല്‍കിയത്. തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ സ്ഥാനങ്ങള്‍ ഇല്ലാതിരുന്ന അദ്ദേഹത്തെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കുമെന്ന് വീണ്ടും അഭ്യൂഹങ്ങള്‍ പരന്നു.
എന്നാല്‍ കടത്തില്‍ മുങ്ങിയ പാര്‍ട്ടി ചാനലിന്റേയും മുഖപത്രത്തിന്റേയും ചുമതലയായിരുന്നു കെ.വി.തോമസിനെ തേടിയെത്തിയത്. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് കെ.വി.തോമസ് ഈ പദവി ഒഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണ് കെ.വി.തോമസ് എല്‍ഡിഎഫിലേക്ക് ചേക്കേറും എന്ന അഭ്യൂഹം ശക്തിപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായേക്കുമെന്നാണ് പറയപ്പെടുന്നത്. ഈ പ്രചരണം തള്ളാനോ കൊള്ളാനോ അദ്ദേഹം ഇതുവരെ തയാറായിട്ടില്ല. എല്‍ഡിഎഫ് സ്വതന്ത്രനായി എറണാകുളത്ത് മത്സരിക്കുമെന്നാണ് പ്രചാരണം നടക്കുന്നത്.
എ കെ ആന്റണി മന്ത്രിസഭയില്‍ 2001 മുതല്‍ 2004വരെ മന്ത്രിയായിരുന്ന കെ വി തോമസ് കേന്ദ്രത്തില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലും അംഗമായിരുന്നു.