ആയഞ്ചേരി: അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച വ്യാപക നെല്‍ കൃഷി നാശത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള എംഎല്‍എ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന് നിവേദനം നല്കി. വേളം പഞ്ചായത്തിലെ പെരുവയല്‍, ആയഞ്ചേരി പഞ്ചായത്തിലെ ആയഞ്ചേരി, കടമേരി, മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ചിറ, തിരുവള്ളൂര്‍ പഞ്ചായത്തിലെ വടക്കയില്‍ താഴ, തോടന്നൂര്‍ നോര്‍ത്ത്, കമ്പളോട്ട് താഴ എന്നീ പാടശേഖര സമിതിയുടെ കീഴിലുള്ള ഹെക്ടര്‍ കണക്കിന് നെല്‍ കൃഷിയാണ് നശിച്ചത്. കോവിഡ് മഹാമാരി ഏല്‍പ്പിച്ച കനത്ത ആഘാതത്തില്‍ നിന്നു കരകയറുന്നതിനു കടം വാങ്ങിയും ബാങ്ക് ലോണ്‍ എടുത്തും വിത്തിറക്കിയ പാവപ്പെട്ട കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ട പരിഹാരം ഏറ്റവും വേഗത്തില്‍ ലഭ്യമാക്കാന്‍ എംഎല്‍എ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കുറ്റ്യാടി മേഖലയില്‍ പൊടുന്നനെ ഉണ്ടായ വലിയ കൃഷി നാശത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.


