Home Beta വേളത്ത് മോഷണ പരമ്പര; പണവും നെയ്യും കവര്‍ന്ന് കള്ളന്‍

വേളത്ത് മോഷണ പരമ്പര; പണവും നെയ്യും കവര്‍ന്ന് കള്ളന്‍


വേളം: വേളത്ത് മോഷണ പരമ്പര. വേളം പെരുവയല്‍ ക്ഷീരോല്‍പാദക സഹകരണസംഘം, പൂളക്കൂല്‍ ക്ഷീരോല്‍പാദക സഹകരണസംഘം, പൂളക്കൂലിലെ ചായക്കട എന്നിവിടങ്ങളിലാണ് കളവു നടന്നത്.
പെരുവയല്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ മേശയും ഷെല്‍ഫും കുത്തിപ്പൊളിച്ചു. ഷെല്‍ഫിലെ ഫയലുകള്‍ വലിച്ചെറിഞ്ഞ മോഷ്ടാവ് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്‍കര്‍ഷകരുടെ ഇന്‍ഷൂറന്‍സ് സംബന്ധമായി ശേഖരിച്ച് ബോക്‌സില്‍ സൂക്ഷിച്ച പണം അപഹരിച്ചിട്ടുണ്ട്. ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട് 9,000 രൂപയും മറ്റിനങ്ങളുമായി ബന്ധപ്പെട്ട 4,000 രൂപയും ഉള്‍പ്പടെ 13,000 രൂപയാണ് അപഹരിച്ചിരിക്കുന്നത്. പണം അടങ്ങിയ ബോക്‌സുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്. പൂളക്കൂല്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സംഘത്തില്‍ സൂക്ഷിച്ചിരുന്ന രണ്ട് കുപ്പി പശുവിന്‍ നെയ്യുമായി കടന്നു കളയുകയായിരുന്നു. പൂളക്കൂലില്‍ ചായക്കട നടത്തുന്ന ഗോപാലന്റെ കട കുത്തിതുറന്നു സാധനങ്ങള്‍ വാരി എറിയുകയായിരുന്നു.
ക്ഷീരോല്‍പാദക സഹകരണസംഘം ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന മോഷണകേസുകളുമായി ബന്ധപ്പെട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ക്ഷീരോല്‍പാദക സഹകരണസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു. പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണം. ക്ഷീരസംഘങ്ങളില്‍ മോഷണം നടന്നത് കര്‍ഷകരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ചതായി കര്‍ഷക ക്ഷേമസമിതി ഭാരവാഹി പി.കെ.ദാമോദരന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ചോലീസ് അന്വേഷണം ശക്തമാക്കണമെന്നും പ്രദേശങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കണമെന്നും പെരുവയല്‍ ക്ഷീരോല്‍പാദക സഹകരണസംഘം ആവശ്യപ്പെട്ടു. പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ദാമോദരന്‍, കെ.പി.ഗംഗാധരന്‍, ടി.മനോജന്‍, പി.സുമതി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, സി.പി.ഫാത്തിമ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു