Home News കോവിഡ് വാക്സിനേഷന്‍; വടകരയില്‍ സെന്ററില്ല, പ്രതിഷേധം ഉയരുന്നു

കോവിഡ് വാക്സിനേഷന്‍; വടകരയില്‍ സെന്ററില്ല, പ്രതിഷേധം ഉയരുന്നു


വടകര: ജില്ലാ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററില്ലാത്തതില്‍ പ്രതിഷേധം ഉയരുന്നു. കേരളത്തിലെ 133 കോവിഡ് വാക്സിനേഷന്‍ സെന്ററുകളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടതില്‍ കോഴിക്കോട് ജില്ലയില്‍ 12 കേന്ദ്രങ്ങളാണുള്ളത്. ജില്ലയിലെ പ്രധാന ആതുരാലയമായ വടകര ആശുപത്രിയെ പരിഗണിച്ചില്ല. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികളൊക്കെ വാക്‌സിനേഷന്‍ സെന്ററാണ്. വടകര താലൂക്കില്‍ നാദാപുരം പിഎച്ച്‌സിയില്‍ മാത്രമേ സെന്റര്‍ അനുവദിച്ചിട്ടുള്ളൂ.
ഗവ.മെഡിക്കല്‍ കോളജ്, ബീച്ച് ഗവ. ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ്, ഗവ. ആയുര്‍വ്വേദ ജില്ലാ ആശുപത്രി, ഇഎസ്ഐ, മുക്കം സാമൂഹികാരോഗ്യ കേന്ദ്രം, നാദാപുരം സിഎച്ച്സി, കൊയിലാണ്ടി താലുക്ക് ആശുപത്രി, പേരാമ്പ്ര താലുക്ക് ആശുപത്രി, നരിക്കുനി സിഎച്ച്സി, തിരുവങ്ങുര്‍ സിഎച്ച്സി, പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയില്‍ വാക്സിന്‍ കുത്തിവെപ്പ് നടത്തുന്ന കേന്ദ്രങ്ങള്‍.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. ജില്ലയില്‍ വാക്സിനായി 34,055 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 16 ന് ആരംഭിക്കുന്ന കോവിഡ് വാക്സിന്‍ വിതരണത്തിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

വടകരയെ മാറ്റിനിര്‍ത്തിയ നടപടി പ്രതിഷേധാര്‍ഹം: എന്‍.വേണു
വടകര: കോവിഡ് മഹാവ്യാധിയില്‍ നിന്ന് മുക്തമാകും വിധം പ്രതിരോധ വാക്‌സിനേഷന്‍ കുത്തിവയ്പുകള്‍ക്കായുള്ള കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നു വടകരയെ മാറ്റിനിര്‍ത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.
കോഴിക്കോട്,മുക്കം, നരിക്കുനി,പേരാമ്പ്ര, നാദാപുരം,ബാലുശ്ശേരി, പനങ്ങാട്, കൊയിലാണ്ടി, ഫറോക്ക്,ഗോവിന്ദപുരം തുടങ്ങി ജില്ലയിലെ എല്ലാ പ്രധാന സ്ഥലങ്ങളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ വടകരയെ മാത്രം മാറ്റിനിര്‍ത്തിയത് ഏതു മാനദണ്ഡനത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് അധികൃതര്‍ വ്യക്തമാക്കണം .
കോഴിക്കോട് ജില്ലാ ഗവര്‍മെന്റ് ആശുപത്രി നിലനില്‍ക്കുന്നത് വടകര നഗരത്തിലാണ്. ജില്ലയിലെ തന്നെ പ്രധാന ക്വാറന്റൈന്‍ കേന്ദ്രങ്ങളും വടകരയിലുണ്ട്. എന്നിട്ടും വടകരയില്‍ ഒരു വാക്‌സിനേഷന്‍ കേന്ദ്രം പോലും പ്രഖ്യാപിക്കാത്തതു വടകര നഗരസഭയിലെയും
സമീപ പഞ്ചായത്തുകളിലെയും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് അടിയന്തിരമായി വടകരയെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന്എന്‍.വേണു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ചിറ്റമ്മ നയം അവസാനിപ്പിക്കണം: ഐ.മൂസ
വടകര: സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ നടക്കുന്ന ആദ്യഘട്ട കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ നിന്നും വടകരയെ ഒഴിവാക്കിയതില്‍ കെപിസിസി സെക്രട്ടറി ഐ മൂസ പ്രതിഷേധിച്ചു., കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരവും ജനവാസ കേന്ദ്രവുമായ വടകരയോട് സംസ്ഥാന ആരോഗ്യവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം ആദ്യഘട്ടം മുതലേ അതിരൂക്ഷമായതും നിരവധി തവണ, ഒരു പക്ഷേ കേരളത്തില്‍ തന്നെ കൂടുതല്‍ പ്രാവശ്യം അടച്ചിടലുകള്‍ക്ക് വിധേയമാവുകയും ചെയ്ത പ്രദേശമാണ് വടകര. കോവിഡ് കാലഘട്ടത്തില്‍ അതീവ ഗുരുതര മായ സാഹചര്യത്തെ നേരിട്ട വടകര നിവാസികളോട് കാണിച്ച ചിറ്റമ്മ നയത്തിനോട് സ്ഥലം എംഎല്‍എ മൗനം പാലിക്കുകയാണ്.
സര്‍ക്കാര്‍ ജില്ലാ ആശുപത്രിയും നിരവധി പ്രൈവറ്റ് ആശുപത്രികളും ഉള്ള നഗരമായ വടകരയെ അടിയന്തിരമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നടപടി സ്വീകരിക്കണമെന്ന് ഐ.മൂസ ആവശ്യപ്പെട്ടു.