Home Business & Agriculture സി.എം.രവീന്ദ്രന്റെ ബിനാമി താവളം തേടി എന്‍ഫോഴ്‌സ്‌മെന്റ് വടകരയില്‍

സി.എം.രവീന്ദ്രന്റെ ബിനാമി താവളം തേടി എന്‍ഫോഴ്‌സ്‌മെന്റ് വടകരയില്‍


വടകര: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് വടകരയില്‍. ടൗണിലെ അഞ്ചിലേറെ സ്ഥാപനങ്ങളില്‍ ഇഡി പരിശോധന നടത്തി. കൊച്ചിയില്‍ നിന്നെത്തിയ രണ്ടംഗ സംഘമാണ് പരിശോധന നടത്തിയത്. സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തിക സ്രോതസ് തേടിയാണ് സംഘം എത്തിയതെന്നാണ് വിവരം.
അലന്‍സോളി, അപ്പാസണ്‍സ്, ഗ്യാലക്‌സി, നോര്‍ത്ത് പാര്‍ക്ക് തുടങ്ങിയവ സംബന്ധിച്ച് നേരത്തെ വി.എസ്.അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ പരാതി നല്‍കിയിരുന്നു. ഇവയില്‍ സി.എം.രവീന്ദ്രനു ബിനാമി ഇടപാടെന്നായിരുന്നു പരാതി. ഇക്കാര്യത്തിലുള്ള പരിശോധനയാണ് നടത്തിയതെന്നാണ് സൂചന.
സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നും ശിവശങ്കര്‍ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. പദ്ധതികളില്‍ സി.എം.രവീന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നോ എന്ന കാര്യവും ഇഡി അന്വേഷിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വടകരയിലെ പരിശോധന. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രവീന്ദ്രന്‍ പോസ്റ്റ് കൊവിഡ് അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു. ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്‍ പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ്..