Home News തെരഞ്ഞെടുപ്പിന് ജീവന്റെ വിലയാണ്; അഴിയൂരില്‍ നടന്നത് വേറിട്ടൊരു സ്ഥാനാര്‍ഥി സംഗമം

തെരഞ്ഞെടുപ്പിന് ജീവന്റെ വിലയാണ്; അഴിയൂരില്‍ നടന്നത് വേറിട്ടൊരു സ്ഥാനാര്‍ഥി സംഗമം


അഴിയൂര്‍: ജീവന്റെ വിലയുള്ള തിരഞ്ഞെടുപ്പ് എന്ന് ഓര്‍മിപ്പിച്ച് അഴിയൂരില്‍ സ്ഥാനാര്‍ഥി സംഗമം സംഘടിപ്പിച്ചു. കോവിഡ് കാലമായതിനാല്‍ പ്രോട്ടോക്കോള്‍ മറക്കാതിരിക്കാനാണ് ഗ്രാമപഞ്ചായത്തിലെ 83 സ്ഥാനാര്‍ത്ഥികള്‍ക്ക് അധികൃതര്‍ ബോധവല്‍ക്കരണം നല്‍കിയത്.
കോവിഡ് പ്രോട്ടോകോള്‍, ഇലക്ഷന്‍ പ്രചരണം, ഹരിത ചട്ടം, പെരുമാറ്റ ചട്ടം, ഇലക്ഷന്‍ ചിലവ് എന്നിവ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്ക് പൊതു അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വേറിട്ട പരിപാടി നടത്തിയത്.
വരണാധികാരി കെ.ആശയുടെ അധ്യക്ഷതയില്‍ ചോമ്പാല്‍ സിഐ ടി.എന്‍.സന്തോഷ് കുമാര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഇലക്ഷന്‍ സംബന്ധിച്ച് പൊതുവായ നിര്‍ദ്ദേശങള്‍ ഉപ വരണാധികാരി ടി.ഷാഹുല്‍ ഹമീദ് അവതരിപ്പിച്ചു. കോ വിഡ് ചുമതലയുള്ള അധ്യാപകര്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കോവിഡ് കാലത്തെ ഇലക്ഷനില്‍ പാലിക്കേണ്ട കടമകള്‍ സംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശങള്‍ നേരിട്ട് എത്തിച്ചിരുന്നു. പ്രൊട്ടോകോള്‍ പാലിക്കുമെന്നു സ്ഥാനാര്‍ഥികള്‍ നല്‍കിയ സാക്ഷ്യപത്രം ചടങ്ങില്‍ അധ്യാപകര്‍ സിഐക്ക് കൈമാറി. ചടങ്ങില്‍ പങ്കെടുത്ത സ്ഥാനാര്‍ഥികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വരണാധികാരി വിതരണം ചെയ്തു. കൂടാതെ ചീഫ് ഏജന്റിന്റെ നിയമനം സംബന്ധിച്ച അപേക്ഷ വരണാധികാരിക്ക് ഉടന്‍ നല്‍കേണ്ടതാണ്.
അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാളിതുവരെ 688 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. നിലവില്‍ 60 പേര്‍ ആക്ടിവായി ഉണ്ട്. 3590 പേരുടെ പരിശോധന നാളിത് വരെ നടത്തിയിരുന്നു. കോവിഡ് ഭീഷണിയുള്ള അഴിയൂരില്‍ ഇലക്ഷനില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും നടപ്പിലാക്കും എന്ന് 83 സ്ഥാനാര്‍ത്ഥികള്‍ അംഗീകരിച്ച് ഒപ്പിട്ട സാക്ഷ്യ പത്രം അധികാരികള്‍ക്ക് ലഭിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വേറിട്ട പ്രവര്‍ത്തനമായി മാറി. നേരത്തെ നമ്മുടെ ചിഹ്നം എസ്എംഎസ് എന്ന ക്യാമ്പയിനും നടത്തിയിരുന്നു. ചടങ്ങില്‍ 70 സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു. പി.ജ്യോതിഷ് ചടങ്ങില്‍ സംസാരിച്ചു.