വടകര: കെ.റെയില്‍ പദ്ധതിയുടെ സര്‍വേ ചുളുവില്‍ നടത്താനെത്തിയ സംഘത്തെ നാട്ടുകാര്‍ കണ്ടംവഴി ഓടിച്ചു. ആഴ്ചകള്‍ക്കു മുമ്പ് നാട്ടുകാരുടെ എതിര്പിനെ തുടര്‍ന്ന് പിന്മാറിയവരാണ് ഇന്നു വീണ്ടും എത്തിയത്. വീരഞ്ചേരിയില്‍ പള്ളിയില്‍ റെയില്‍വെ ഭാഗത്ത് പോലീസുമായെത്തിയ ഡ്രോണ്‍ സര്‍വ്വേ സംഘമാണ് ജനകീയ സമിതിയുടെ ശക്തമായ എതിര്പിനെ തുടര്‍ന്ന് പിന്മാറിയത്.
കെ.റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ദുരൂഹത നിലനില്ക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഡ്രോണ്‍ സര്‍വേ നടത്താന്‍ സംഘമെത്തിയത്. ചെന്നൈ ആസ്ഥാനമായ ഗ്രിഡ് ലൈന്‍ എന്ന കമ്പനിക്കാണ് സര്‍വേ ചുമതല. വടകര റെയില്‍വേ സ്റ്റേഷന് മുതല്‍ വീരഞ്ചേരിവരെ ആഴ്ചകള്‍ക്കു മുമ്പ് സര്‍വേ നടത്തിയ ഇവര്‍ പോലീസിനെയും കൂട്ടിയാണ് ഇത്തവണ എത്തിയത്. അപ്പോഴേക്കും നാട്ടുകാര്‍ സംഘടിച്ച് കടുത്ത പ്രതിഷേധം തീര്‍ക്കുകയായിരുന്നു. പോലീസല്ല പട്ടാളം വന്നാലും സര്‍വേ അനുവദിക്കില്ലെന്നും ആരുടെയും ഭൂമി വിട്ടുകൊടുക്കില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. കളക്ടറുടെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല. തെരഞ്ഞെടുപ്പു കാലമായതിനാല്‍ എല്ലാ രാഷ്ട്രീയക്കാരും സ്ഥാനാര്‍ഥികളും രംഗത്തെത്തി.
കെ.റെയില്‍പദ്ധതിക്കെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ രക്ഷാധികാരി എന്‍ പി അബ്ദുല്ലഹാജി, ചെയര്മാന് സി നിജിന്‍, ബാബു കൊറോത്ത്, പി എം സജീവന്, കെ പി സലീം, രതീശന്. കെ പി, സജീവന് ആടുവാറിക്കണ്ടി, ടി എം വിനോദന്‍, ദീപിക എന്നിവരുടെ നേതൃത്വത്തില്‍ ആണ് തടഞ്ഞത്. എം ബാലകൃഷ്ണന്, ആര്. കെ സുരേഷ് ബാബു, ഒ സുരേഷ്കുമാര്‍, ശ്യാംരാജ്, വി രാധാകൃഷ്ണന് വി സി വി നാസര്‍ എന്നിവരും സ്ഥലത്തെത്തി. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടത്താതെ അധികൃതര്‍ തിരിച്ച് പോയി. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സര്‍വേ ഉണ്ടാവില്ലെന്നാണ് പറയുന്നത്.


