Home News 26 ന്റെ പണിമുടക്കില്‍ നാട് നിശ്ചലമാവും

26 ന്റെ പണിമുടക്കില്‍ നാട് നിശ്ചലമാവും


തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ ദേശീയ പണിമുടക്ക് നവംബര്‍ 26ന് നടക്കും. ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍
തുറക്കില്ലെന്നും പെതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരും, ടാക്‌സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ വാഹനങ്ങള്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, പാല്‍, പത്രം, ഉള്‍പ്പടെയുള്ള ആവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നും സരസമിതി വ്യക്തമാക്കി. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തില്ല. കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ദിനം വര്‍ധിപ്പിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക,പ്രതിരോധ, റെയില്‍വേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക,കേന്ദ്രസര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക,എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി-1995 മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
നവംബര്‍ 25 അര്‍ധ രാത്രി ആരംഭിക്കുന്ന പണിമുടക്ക് 26ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. പണിമുടക്ക് എല്ലാ മേഖലയിലും പൂര്‍ണമാകുമെന്ന് സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള അറിയിച്ചു. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, യുടിയുസി, എസ്ടിയു, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എഐസിസിടിയു തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.