
വടകര: ഇന്ന് പെയ്ത കനത്ത മഴ വടകരയില്‍ നാശം വിതച്ചു. പുതിയ സ്റ്റാന്റിനു സമീപത്തെ ഓള്‍ഡ് അല്‍മ ബില്‍ഡിംഗില്‍ താഴത്തെ നിലയിലെ സ്ഥാപനങ്ങളില്‍ വെള്ളം കയറി.
ശക്തമായ മഴയില്‍ പത്തിലേറെ കടകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മെഡിക്കല്‍ ഷോപ്പ്, കണ്ണട, മൊബൈല്‍ തുടങ്ങിയ നിരവധി കടകളാണ് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍.
മഴ വെള്ളം ഓവുചാലിലൂടെ സുഗമമായി ഒഴുകിപ്പോകാത്ത സ്ഥിതിയാണിവിടെ. വെള്ളത്തിന്റെ അളവു കൂടുമ്പോഴേക്കും ഓവുചാലില്‍ നിന്ന് വെളളം തിരികെ എത്തുകയാണ്. ഇക്കാര്യം പലതവണ മുനിസിപ്പല്‍ അധികാരികളുടെ
ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
മുമ്പൊക്കെ എത്ര മഴ പെയ്താലും ഈ കെട്ടിടത്തില്‍ വെള്ളത്തിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ദേശീയപാത നവീകരണ പ്രവൃത്തിയോടെയാണ് ഈ കെട്ടിടത്തിനുള്ളിലേക്കും വെള്ളം കയറിത്തുടങ്ങിയത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
















