
കക്കട്ടില്‍: കഴിഞ്ഞ ദിവസം രാത്രി മുള്ളന്‍പന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മരണപ്പെട്ട
നരിപ്പറ്റ കൈതച്ചാല്‍ സ്വദേശി പാറയുള്ള പറമ്പത്ത് ലിജീഷ് കുമാറിന് നാടിന്റെ കണ്ണീരില്‍
കുതിര്‍ന്ന യാത്രാമൊഴി. ലിജീഷ് കുമാറിന്റെ മുതൃദേഹം നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകീട്ട് വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കക്കട്ട് ടൗണിലെ ഓട്ടോ ഡ്രൈവറായ ലിജീഷ് കുമാര്‍ ഭാര്യയോടും മക്കളോടും ഒപ്പം ബന്ധു വീട് സന്ദര്‍ശിച്ച് തിരിച്ച് വരുന്നതിനിടയിലാണ് തുണേരി ബാലവാടി ബസ് സ്റ്റോപ്പിന് സമീപം റോഡിന് കുറുകെ ചാടിയ മുള്ളന്‍ പന്നിയെ വെട്ടിച്ച് മാറ്റുന്നതിനിടയില്‍ അപകടത്തില്‍പെട്ടത്. ഓട്ടോ മറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിജീഷ്‌കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൊകേരിയില്‍ നിന്ന് ഓട്ടോറിഷകളുടെ അകമ്പടിയോടെ
വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. എംഎല്‍എ കെ.എം.അഭിജിത്ത്, മുന്‍ എംഎല്‍എ സത്യന്‍ മൊകേരി, അഡ്വ പി.വസന്തം, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂര്‍,
കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രന്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍, ഒട്ടോ തൊഴിലാളികള്‍,
നാട്ടുകാര്‍ തുടങ്ങി നൂറ് കണക്കിന് പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കുടുംബത്തിന്റെ അത്താണിയായ ലിജീഷ് കുമാറിന്റെ വേര്‍പാടില്‍ തേങ്ങുകയാണ് നരിപ്പറ്റയിലെ കൈതച്ചാല്‍ ഗ്രാമം.
-ഇ.ആനന്ദന്‍
















