വടകര: സോഷ്യലിസ്റ്റ് നേതാവും അഞ്ചു വര്‍ഷം വടകരയുടെ എംഎല്‍എയും ആയിരുന്ന അഡ്വ.എം.കെ.പ്രേംനാഥിന്റെ നിര്യാണത്തില്‍ വടകരയിലെ പൗരാവലി അനുശോചിച്ചു. പ്രേംനാഥിന്റെ പ്രവര്‍ത്തന കേന്ദ്രം പ്രധാനമായും വടകരയായിരുന്നു. ജനപ്രതിനിധിയായും രാഷ്ട്രീയനേതാവായും വടകരയുടെ ഹൃദയത്തിലിടം നേടിയ പ്രേംനാഥിനെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുസ്മരിച്ചു.
നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊങ്ങച്ചങ്ങളില്ലാതെ, സാധാരണക്കാരില്‍ സാധാരണക്കാരനായി നിസ്വ ജനവിഭാഗത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിന്ന പോരാളിയായിരുന്നു പ്രേംനാഥെന്ന് അനുശോചന പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമായി നിലനില്ക്കുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായി പ്രവര്‍ത്തിച്ചു. ജനാധിപത്യം, മതിനിരപേക്ഷത, മനുഷ്യാവകാശം എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് ഐക്യത്തിനും ജനതാപ്രസ്ഥാനങ്ങളുടെ ഏകീകരണത്തിനുമായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു.-പ്രമേയത്തില്‍ പറയുന്നു.
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ കെ.മുരളീധരന് എംപി അധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്കിടയില്‍ ജീവിച്ച നേതാവായിരുന്നു പ്രേംനാഥെന്ന് മുരളീധരന് പറഞ്ഞു. എം.കെ.ഭാസ്കരന് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.വി.ശ്രേയാംസ് കുമാര്‍, എംഎല്‍എമാരായ കെ.കെ.രമ, കെ.പി.കുഞ്ഞമ്മദ്കുട്ടി, ഇ.കെ.വിജയന്, ടി.പി.രാമകൃഷ്ണന്, മുന്‍ മന്ത്രി സി.കെ.നാണു, ഡോ.വര്‍ഗീസ് ജോര്‍ജ്, പാറക്കല്‍ അബ്ദുള്ള, പി.കെ.ദിവാകരന്, ആര്.സത്യന്, പി.സത്യനാഥന്, പി. സോമശേഖരന്‍, വി.ഗോപാലന്, ഇ.കെ.ശ്രീനിവാസന്, വി.കുഞ്ഞാലി, സണ്ണി തോമസ്, ഇ.പി.ദാമോദരന്‍, എന്‍.കെ.വത്സന്, സലീം മടവൂര്‍, പി.ബാലന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.സജീവ് കുമാര്‍, പി.പി.മുരളി എന്നിവര്‍ പ്രസംഗിച്ചു. എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന് സ്വാഗതം പറഞ്ഞു.