KoyilandyNews

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു മുമ്പ് പോലീസ് എത്തിച്ചേര്‍ന്നിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്ത് ജയില്‍ വകുപ്പ് പോലീസിന് കൈമാറിയിരുന്നു. ഇ.ഡിയുടെ കത്തിന് മറുപടി നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു.
ജയില്‍വകുപ്പ് മേധാവി ഋഷിരാജ് സിങ്ങാണ് കത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്. ഇഡി ആദ്യം നല്‍കിയ കത്തിന് ജയില്‍ വകുപ്പ് മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന് ഇ.ഡി. രണ്ടാമതും കത്ത് നല്‍കിയിട്ടുള്ളത്. ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ജയില്‍ വകുപ്പും പോലീസും ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഇഡി രണ്ടാമതും കത്ത് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കത്ത് ലഭിച്ചകാര്യം ജയില്‍ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ പുറത്തു വിട്ടത്. ഇഡിയെക്കുറിച്ച് ശബ്ദരേഖയില്‍ ഇല്ലെങ്കിലും ഇഡി അന്വേഷണസംഘം നിര്‍ബന്ധിച്ചു എന്നരീതിയിലാണ് വാര്‍ത്ത വന്നത്. കോഫെപോസ പ്രതിയാണ് സ്വപ്നയെന്നതിനാല്‍ വിഷയത്തില്‍ കസ്റ്റംസും അന്വേഷണം ആവശ്യപ്പെടുമെന്നാണ് സൂചന.

Show More

Related Articles

Back to top button
error: Content is protected !!